അതെ, ഇതൊരു യാത്രയാണ്. ഒരിക്കലും അവസാനിക്കാത്ത ഒരു യാത്ര. എന്നെ തേടിയുള്ള എന്റെ യാത്ര! "പോരുന്നോ എന്റെ കൂടെ?" ~Suffa✨

റൂഹും നൂറും

ലോകത്ത് വ്യത്യസ്ഥ ഭൂപ്രകൃതികളിലായി അസംഖ്യം  വൃക്ഷങ്ങങ്ങളുണ്ട്. അവയിലേക്കെല്ലാം സൂര്യപ്രകാശം ഇടതടവില്ലാതെ
ചെന്ന് പതിച്ചുകൊണ്ടിരിക്കുന്നു. ചെടികൾ, മരങ്ങൾ ഒക്കെയും നിത്യേന തേടിക്കൊണ്ടിരിക്കുന്നത് ഈ പ്രകാശത്തെയാണ്. മരങ്ങളൊക്കെയും അവയുടെ ജീവനിൽ പെയ്തിറങ്ങുന്ന വെളിച്ചത്തെ തേടുമ്പോൾ, അതിന്റെ സ്വാഭാവികതയെന്നോണം ക്രമേണ അവയുടെ രൂപങ്ങൾ പോലും വെളിച്ചത്തെ സ്വീകരിക്കാൻ പാകത്തിന് മാറിക്കൊണ്ടേയിരിക്കുന്നു! എന്തിനെയാണോ അവ തേടുന്നത് , അത് അവയിലേക്ക് സാന്ത്വനമായി പെയ്തിറങ്ങുന്നു. ഇവിടെ വൃക്ഷം അതിൻറെ നിലനിൽപ്പിനും ജീവനുമെല്ലാം പ്രകാശത്തെയാണ് ആശ്രയിക്കുന്നത്. 

കിഴക്കിൻറെ ചില വൃക്ഷങ്ങൾ ഉദയസൂര്യ കിരണങ്ങളെ കൂടുതലായി ആശ്രയിക്കുമ്പോൾ പടിഞ്ഞാറിൽ ചിലവ അസ്തമയസൂര്യനെ ആശ്രയിക്കുന്നു. എന്നാൽ കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ അല്ലാത്ത ഒരു വൃക്ഷമുണ്ട്. "അനുഗ്രഹീതമായ ഒലിവ് വൃക്ഷം"(സൈത്തൂൻ). അതിൻറെ ഭൂപ്രകൃതിയിൽ വച്ച് പ്രകാശത്തെ വളരെ സുന്ദരമായി , ലംബമായി സ്വീകരിക്കുന്ന ഒലീവ്, ഭൂമധ്യരേഖയിൽ ചില പ്രത്യേക നാടുകളിൽ മാത്രം വളരുന്നു.. "ഒലിവ് മരത്തിൻറെ ആത്മാവാകുന്ന (റൂഹ്) അതിൻറെ എണ്ണ, തീ കൊളുത്തിയില്ലെങ്കിൽ പോലും സ്വയം പ്രകാശിക്കും".

ഇനി നമുക്ക് അല്ലാഹുവിന്റെ ഉപമയിലേക്ക് പതുക്കെ നടന്നടുക്കാം...

"അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവൻറെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം (Niche); അതിലൊരു വിളക്ക് (Lamp). വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ് (Glass chamber). സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗ്രഹീതമായ ഒരു വൃക്ഷത്തിൽ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തിൽ നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കിൽപോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേൽ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു . അവൻ സർവ ജനത്തിനുമായി ഉദാഹരണങ്ങൾ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്."
 [ Surah An-Nur : 35 ]

വൃക്ഷങ്ങൾ എപ്രകാരം പ്രകാശത്തെ തേടുന്നുവോ, അതിനേക്കാൾ എത്രയോ മടങ്ങ് മനുഷ്യപ്രകൃതി  അല്ലാഹുവിൻറെ നൂറിന് വേണ്ടി ദാഹിച്ചു കൊണ്ട് തേടുന്നുണ്ട്. എന്നാൽ പ്രപഞ്ചത്തെ ആകമാനം പൊതിഞ്ഞു നിൽക്കുന്ന അല്ലാഹുവിൻറെ നൂറിനെ കൂടുതൽ മനുഷ്യർക്കും അപ്രാപ്യമാകുന്നത് എന്തുകൊണ്ടാവും?

അതിനായി ഉപമയിലേക്കു ഒരിക്കൽ കൂടി നമുക്ക് ആഴ്ന്നിറങ്ങാം: നമ്മുടെ നെഞ്ചിൻ കൂടാകുന്ന വിളക്കുമാടം, അതിൻറെ ഉള്ളിൽ ഒരു വിളക്കുണ്ട്.  നമ്മുടെ ഖൽബ്‌ എന്ന വിളക്ക്. ആ വിളക്കിനെ പൊതിഞ്ഞു നിൽക്കുന്ന സ്ഫടികക്കൂട്. ഓരോ മനുഷ്യനും ജനിക്കുന്ന വേളയിൽ ശുദ്ധമായ മനുഷ്യ പ്രകൃതത്തിലാണ് നില നിൽക്കുന്നത് ( ഫിത്‌റ). സ്ഫടികം എന്ന ആ ശുദ്ധ പ്രകൃതി പിന്നീട് എപ്പോഴും മനുഷ്യൻറെ ഉള്ളിലുണ്ട്! ആകാശ നക്ഷത്രം പോലെ വെട്ടിത്തിളങ്ങുന്നുണ്ടത്! അതാണ് വിളക്കിൻറെ പ്രകാശത്തെ പുറത്തേക്ക് പ്രസരിപ്പിക്കുന്നത്. അതുപോലെ അല്ലാഹുവിൻറെ പ്രകാശത്തെ ഉള്ളിലേക്ക് സ്വീകരിക്കുന്നതും അത് തന്നെ. എന്നാലാ  സ്ഫടികം കറപിടിച്ചതാണെങ്കിലോ? ഓരോ തിന്മയും സ്ഫടികത്തെ മങ്ങിയതാക്കി മാറ്റുന്നു. അങ്ങനെ അല്ലാഹുവിൻറെ നൂറിനെ സ്വീകരിക്കാനുള്ള സ്വാഭാവിക കഴിവ് അതിന് ക്രമേണ നഷ്ടപ്പെടുന്നു...

വിളക്ക് എങ്ങനെയാണ് നമ്മുടെ ഉള്ളിൽ പ്രകാശിക്കുന്നത്? അതിൻറെ സ്രോതസ്സ് എന്താണ്?

ഇവിടെ അല്ലാഹുവിൻറെ അപാരമായ സൃഷ്ടിപ്പായ റൂഹിനെ പറ്റി നാം ചിന്തിക്കണം.. നമ്മുടെ ഉള്ളിൽ തീ സ്പർശിക്കാതെ തന്നെ തനിയെ പ്രകാശിക്കുന്ന, കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ചാഴ്വ്വ് ഇല്ലാത്ത, അനുഗ്രഹീതമായ ഒലിവ്  വൃക്ഷത്തിന്റേ എണ്ണയെപ്പോലെ ആണ് നമ്മുടെ റൂഹ്. അതിൽ അന്തർലീനമായി തന്നെ പ്രകാശം കുടികൊള്ളുന്നു. എന്നാൽ അത് തേടുന്നതും പ്രകാശത്തെ ആണ്! അല്ലാഹു അവനെ സ്വയം വിശേഷിപ്പിക്കുന്നത് ആകാശ ഭൂമികളുടെ പ്രകാശമായാണ്! അതുപോലെ അവൻറെ ദിവ്യസന്ദേശവും (ഖുർആൻ) പ്രകാശമാണ്! പ്രകാശത്തെ സ്വീകരിക്കാൻ അനന്തമായി തേടുന്ന റൂഹിന്റെ സായൂജ്യമാണ് *" നൂറുൻ അലാ നൂർ"* ( പ്രകാശത്തിനു മേൽ പ്രകാശം)! അല്ലാഹുവിൻറെ സൃഷ്ടിപ്പിന്റെ പ്രകാശത്തിനു മേൽ, ദിവ്യസന്ദേശമാകുന്ന പ്രകാശം പെയ്തിറങ്ങുന്ന അവസ്ഥ! ഓരോ മനുഷ്യ സൃഷ്ടിപ്പിന്റെയും ഉദാത്തമായ സാധ്യതയാണിത്!

എവിടെയാണ് നൂറിന് പ്രസക്തിയുള്ളത്? ഇരുട്ട് ഉള്ളിടത്ത് അല്ലെ? അപ്രകാരം ഇരുൾ മുറ്റിയ ഇൗ ലോകത്തിൽ അല്ലാഹു മാത്രമാണ് നമ്മുടെ ഏക വെളിച്ചം! അവനാണ് സർവ്വ പ്രപഞ്ചങ്ങളുടെയും വെളിച്ചം! ആ വെളിച്ചത്തെ ഉള്ളിൽ സൂക്ഷിച്ചുകൊണ്ട്, അവനോടുള്ള സ്മരണ കൊണ്ടും ആരാധന  കൊണ്ടും,ഖൽബിനെ വെളിച്ചം കൊണ്ട് നിറയ്ക്കാനും അത് ചുറ്റുപാടും പ്രസരിപ്പിക്കാനുമാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്!  റൂഹിന്റെയും നൂറിന്റെയും പ്രണയത്തിലാണ് അവൻറെ ഉണ്മ!!!

Nizamudheen Hadhrami

Post a Comment

4 Comments

Emoji
(y)
:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
:-#
=p~
x-)
(k)