"നിന്റെ പ്രതിബിംബമാണ്
എന്റെ മിഴിയിലാകെ.
എന്തു കണ്ടാലുമത്
നീയാണെന്നു നിനപ്പൂ ഞാൻ"
~ അഹ്മദ് ഗസാലി
ഞാൻ ആരാണ്? എവിടെ നിന്നു വരുന്നു? എവിടേക്ക് പോകും? എന്തിന് ജീവിക്കുന്നു? എന്റെ ആത്യന്തികമായ ലക്ഷ്യം എന്താണ് ? ഇങ്ങനെ ഒരായുസ്സിന്റെ വിഹായുസ്സിലൂടെ കടന്നു പോകുമ്പോൾ പല ചോദ്യങ്ങളും നമ്മുടെ ആത്മത്തെ(Self) കുഴക്കാറില്ലേ? അവിടെയൊക്കെ കടന്ന് വരുന്ന ഒന്നാണ് 'ഞാൻ'! എന്താണ് ഈ ഞാൻ? കേവലമായ ഒരു ഭൗതിക പദാർത്ഥമാണോ? അതോ ആത്മീയമായ മറ്റൊരു മാനം ആത്മത്തിനുണ്ടോ? ഇസ്ലാം ഒരിക്കലും മനുഷ്യന്റെ ആത്മത്തെ കേവലമായൊരു ഭൗതികപദാർത്ഥത്തിൽ തളച്ചിടുന്നില്ല. പകരം അഭൗതികമായ ആത്മീയതയുടെ വിഹായുസ്സിലേക്ക് പറന്നുയരാൻ മനുഷ്യനെ പ്രാപ്തനാക്കുന്നുണ്ട്. വളരെയധികം മാനങ്ങളും, രഹസ്യങ്ങളുമുള്ള ഇസ്ലാമിന്റെ 'സ്വത്വ'(Self) സങ്കൽപ്പത്തിലൂടെ ഒന്ന് സഞ്ചരിച്ച് നോക്കാം..!
"നീ നിന്നെ അറിയുക. അതുവഴി നിന്റെ ദൈവത്തെയും"
നാലാം ഖലീഫ അലി (റ) വിന്റെ ഈ വചനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അല്ലാഹുവിലേക്കുള്ള ആ രഹസ്യ വാതിൽ തുറക്കുന്നു. 'നീയാണ് ആ രഹസ്യം'. നമ്മൾ നമ്മളെ അറിയുക എന്നാൽ അത് അല്ലാഹുവിനെ അറിയുന്നതിലേക്കുള്ള മർമ്മ പ്രധാനമായ ജ്ഞാനമാണെന്ന് ഗ്രഹിക്കാം. ഒരിക്കൽ നബി(സ) യോട് ചോദിക്കപ്പെട്ടു. "പ്രവാചകരെ ഏതു കർമ്മമാണ് ഏറ്റവും മഹത്തരമായത്?"
നബി(സ) പറഞ്ഞു: "അല്ലാഹുവിനെ കുറിച്ചുള്ള ജ്ഞാനം!".
"ഏത് വിജ്ഞാനമാണ് അങ്ങുദ്ദേശിക്കുന്നത്?"
"അല്ലാഹുവിനെ കുറിച്ചുള്ള ജ്ഞാനം"
ഞങ്ങൾ കർമ്മത്തെ കുറിച്ച് ചോദിക്കുന്നു, അങ്ങ് വിജ്ഞാനത്തെ കുറിച്ച് ഉത്തരം നൽകുന്നു എന്നവർ പറഞ്ഞപ്പോൾ നബി (സ) പറഞ്ഞു: "അല്ലാഹുവിനെ കുറിച്ച് ജ്ഞാനമുണ്ടെങ്കിൽ കുറഞ്ഞ കർമവും ഉപകരിക്കും. അല്ലാഹുവിനെ കുറിച്ചറിയില്ലെങ്കിൽ കൂടുതൽ കർമ്മമുണ്ടെങ്കിലും ഉപകരിക്കില്ല. (ഇബ്നു അബ്ദിൽ ബർറ് 1/45)"
അപ്പോൾ ഏതൊരു വിജ്ഞാനം പോലെയും ആത്മത്തെക്കുറിച്ച് അറിയുന്നതിന്റെയും ആത്യന്ത്യകമായ ലക്ഷ്യം അല്ലാഹുവിനെ അറിയലാകുന്നു. അതുകൊണ്ടായിരിക്കുമല്ലോ കവി പാടിയത്
"നിന്റെ പ്രതിബിംബമാണ്
എന്റെ മിഴിയിലാകെ.
എന്തു കണ്ടാലുമത്
നീയാണെന്നു നിനപ്പൂ ഞാൻ"
ഇനി വിഷയത്തിന്റെ മർമ്മത്തിലേക്ക് വരാം. നഫ്സിനെ പല അർത്ഥത്തിലും ഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ട്. ആത്മവായിട്ടും, പരിപൂർണമായ ഒരു അസ്ഥിത്വമായിട്ടും (Whole entity), തിന്മയുടെ പ്രഭവകേന്ദ്രമായിട്ടും (Source of evil), കുറ്റപ്പെടുത്തുന്ന മനസ്സായിട്ടും (reproaching nafs) ഖുർആൻ നഫ്സിനെ വ്യതിരിക്തമായ അർത്ഥതലങ്ങളിലൂടെ പരിചയപ്പെടുത്തുന്നുണ്ട്
أخۡرِجُوۤا۟ أَنفُسَكُمُۖ
"നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിൻ" (6:93)
ഇവിടെ ആത്മാവ് എന്നർത്ഥത്തിലാണത് പ്രയോഗിച്ചതെങ്കിൽ ഒരു അസ്തിത്വം എന്നർത്ഥത്തിൽ അല്ലാഹു തന്നെ കുറിച്ച് മുന്നറിയിപ്പ് തരുന്നത് നഫ്സെന്ന പദമുപയോഗിച്ചാണ്.
وَیُحَذِّرُكُمُ ٱللَّهُ نَفۡسَهُۥۗ
"അല്ലാഹു തന്നെ പറ്റി താങ്കൾക്ക് താക്കീത് നൽകുന്നു." (3:30)
കുറ്റപ്പെടുത്തുന്ന മനസ്സായികൊണ്ട് പ്രതിപാദിച്ച മറ്റൊരു വചനം കാണുക
وَلَاۤ أُقۡسِمُ بِٱلنَّفۡسِ ٱللَّوَّامَةِ
"കുറ്റപ്പെടുത്തുന്ന മനസ്സായി കൊണ്ടും ഞാൻ സത്യം ചെയ്തു പറയുന്നു." (75:2)
ഇങ്ങനെ വ്യത്യസ്തമായ അർത്ഥങ്ങളിൽ നഫ്സെന്ന പദത്തെ കാണാനാകും. ഇനി നഫ്സിന്റെ പ്രധാനമായ മൂന്ന് അവസ്ഥകളെ കുറിച്ച് വിശദീകരിക്കാം. അതിനെ മൂന്നായി തിരിച്ചിട്ടുണ്ട്.
നഫ്സുൽ അമ്മാറ (തിന്മകളുടെ കേന്ദ്രം )
നഫ്സുൽ ലവ്വാമ (കുറ്റപ്പെടുത്തുന്ന മനസ്സ്)
നഫ്സുൽ മുത്മഇന്ന (സമാധാനമടഞ്ഞ ആത്മാവ്)
1:നഫ്സുൽ അമ്മാറ
ഈ പദം ഖുർആനിൽ ഉപയോഗിച്ചിട്ടുള്ളത് സൗന്ദര്യത്തിന്റെ പര്യായമായ യൂസുഫ് നബിയെ (അ) വശീകരിക്കാൻ ശ്രമിച്ച സുലൈഖ ബീവിയുടെ ചരിത്രം പറയുന്നിടത്താണ് ഉപയോഗിച്ചിട്ടുള്ളത്.
إِنَّ ٱلنَّفۡسَ لَأَمَّارَةُۢ بِٱلسُّوۤءِ إِلَّا مَا رَحِمَ رَبِّیۤۚ
"തീർച്ചയായും മനസ്സ് ദുഷ്പ്രവർത്തിക്ക് ഏറെ പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ". (12:53)
ഈ അവസ്ഥ നഫ്സിന്റെ ഏറ്റവും താഴ്ന്ന അവസ്ഥയാണ്. നിർലോഭമായ കാമാസക്തിയും, ആഗ്രഹങ്ങളുമാണ് ഈ അവസ്ഥയിൽ ദർശിക്കുക. ശരീരത്തിന്റെ ആഗ്രഹങ്ങളെ പരിപോഷിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുക എന്നതിനപ്പുറത്തേക്ക് മറ്റൊന്നും ഈ അവസ്ഥയിൽ ഉണ്ടാകില്ല. ഇതിനെ തന്നെ രണ്ട് ഭാഗങ്ങളായി തിരിക്കാം.
ശരീരത്തിന്റെ അമിതാഗ്രഹം (Passions)
പിശാചിന്റെ സ്വാധീനം (Influence of Satan)
അമിതാഗ്രഹങ്ങൾക്ക് ഹവാ (هوى) എന്ന അറബി പദമാണ് ഉപയോഗിക്കാറുള്ളത്. സാധാരണ ആഗ്രഹമല്ല. എന്റെ ഒരു സുഹൃത്തിന്റെ പ്രയോഗം വളരെ മികച്ചതാണെന്ന് തോന്നി. 'Desire after desire'.
ഒരു ഉദാഹരണ സഹിതം പറയാം. A എന്ന വ്യക്തി ബസ്‌റ്റോപ്പിന് മുന്നിൽ നിൽക്കുകയാണ്. മുന്നിലൂടെ ഒരു പെൺകുട്ടി നടന്ന് പോകുന്നു സാധാരണ ഒരു പ്രാവശ്യം നോട്ടത്തിൽ പെടുന്നതിനപ്പുറം ഞാൻ ആഗ്രഹത്തോടെ വീണ്ടും നോക്കുകയാണെങ്കിൽ അത് ഹവായാണ്. (Looking is intentional while seeing is unconscious). ഖുർആനിലെ ഈ ആയത്ത് കാണുക
وَلَا تَتَّبِعِ ٱلۡهَوَىٰ فَیُضِلَّكَ عَن سَبِیلِ ٱللَّهِۚ
"തന്നിഷ്ടത്തെ നീ പിന്തുടർന്ന് പോകരുത്. കാരണം അത് അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് നിന്നെ തെറ്റിച്ചു കളയും." (38:26)
ഇതിനെ ഒരു ഉപമയിലൂടെ ഇമാം ഗസ്സാലി (റ) തന്റെ വിഖ്യാത ഗ്രന്ഥമായ ഇഹ്‌യയിൽ വളരെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്
ഒരു കുതിരയും, കടിഞ്ഞാണും, സവാരിക്കാരനും. കുതിരയെ ഹവായോടുപമിക്കാം, കടിഞ്ഞാൽ ബുദ്ധിയോടും, സവാരിക്കാരനെ ദൈവീക ദർശനത്തിലായുള്ള ഖൽബിനോടും ഉപമിക്കാം. ഇവിടെ കുതിര (ഹവാ) അനിയന്ത്രിതമാണെങ്കിൽ വഴി തെറ്റും. കാരണം ആഗ്രഹങ്ങളെ കയറൂരി വിടുന്നു. ഇനി കുതിര നിയന്ത്രണത്തിലാണ്, പക്ഷെ കടിഞ്ഞാൽ (ബുദ്ധി) അതിനെ തെറ്റായ പാതയിലേക്കാണ് നയിക്കുന്നത്. അപ്പോഴും മാനസികമായ അസമത്വം സൃഷ്ടിക്കപ്പെടും. ഇനി കുതിരയെ കടിഞ്ഞാണുപയോഗിച്ച് സവാരിക്കാരൻ (ഹൃദയം) തനിക്കിഷ്ടമ്മുള്ളിടത്തൊക്കെ പോകുകയാണെങ്കിൽ അതും ഒരുപക്ഷെ നാശകാരണമായേക്കും. പക്ഷേ ആ ഹൃദയം ദൈവീക വെളിച്ചത്താൽ പ്രകാശിതമാണെങ്കിൽ ബുദ്ധിയും, ആഗ്രഹവും നേരായ പാതയിലാകും.
ശൈത്താൻ
وَلَا تَتَّبِعُوا۟ خُطُوَ ٰتِ ٱلشَّیۡطَـٰنِۚ إِنَّهُۥ لَكُمۡ عَدُوࣱّ مُّبِینࣱ
"പിശാചിന്റെ കാൽപാദങ്ങളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. തീർച്ചയായും അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു." (2:208)
അല്ലാഹു പറയുന്നത് പിശാചിനെ പിന്തുടരരുത് എന്നല്ല. പിശാചിന്റെ കാൽപാദങ്ങളെ പിന്തുടരരുതെന്നാണ്. അതായത് നമ്മൾ ഒരു വലിയ പാപം പെട്ടെന്ന് ചെയ്യുന്നതല്ല. ഓരോ സ്റ്റെപ്പ് സ്റ്റെപ്പ് ആയിട്ടാണ് ഒരു വലിയ തെറ്റിലേക്ക് വഴുതി വീഴുന്നത്. അങ്ങനെ ഒരു തെറ്റ് ചെയ്യുമ്പോൾ അതൊരു തെറ്റാണെന്ന് പോലും തോന്നില്ല. അതുകൊണ്ടാണ് മഹത്തുക്കൾ ജീവിതത്തിൽ കറാഹത്ത് വരുന്നത് പോലും ഭയപ്പെട്ടിരുന്നത്. അത് പിന്നീട് വലിയ തെറ്റുകൾക്ക് കാരണമാകാതിരിക്കാൻ വേണ്ടിയാണ്.
ഉദാഹരണ സഹിതം പറയാം. നേരത്തെ പറഞ്ഞ ബസ്റ്റോപ്പ്. അതിൽ A എന്ന വ്യക്തി ഇരിക്കുന്നു. ഒരു പെൺകുട്ടി എന്നും മുന്നിലൂടെ പോകുന്നുണ്ട്. ആദ്യ ദിവസം A നോക്കിയില്ല. രണ്ടാമത്തെ ദിവസം A ഒന്ന് നോക്കി. 'കൊള്ളാം' എന്ന് മനസ്സിൽ പറഞ്ഞു. പക്ഷേ അവൾ നോക്കിയില്ല. അടുത്ത ദിവസം A തന്നെ നോക്കുന്നത് കണ്ട് അവളും തിരിച്ച് നോക്കി. അവൻ ഒന്ന് ചിരിച്ചു. പക്ഷേ അവളും ചിരിച്ചു. പിറ്റേ ദിവസം ചിരിച്ച പരിചയം വെച്ച് ഒരു ഹായ്. പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഫോൺ നമ്പർ ചോദിച്ചു. മെസ്സേജയക്കുന്നു. സൗഹൃദ സംസാരം മെല്ലെ പ്രണയത്തിലേക്ക് വഴുതി മാറുന്നു. പിന്നീട് ഫോൺ വിളിയായി. രാത്രിയുടെ യാമങ്ങൾ അവർ സല്ലപിക്കാൻ വേണ്ടി മാത്രം മാറ്റി വെച്ചു. പിന്നീട് ഫോൺ വിളികൾ പോരാതെ വരുന്നു. പിന്നീട് വ്യക്തമായ വ്യഭിചാരത്തിലേക്ക്. നഊദുബില്ലാഹ്. ഒന്ന് നോക്കിയാൽ ഇപ്പൊ എന്താ? ഇതൊക്കെ ഒരു രസല്ലേ? എന്ന മനോഭാവത്തെ പിശാച് വ്യക്തമായി കബളിപ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഖുർആൻ
وَلَا تَقۡرَبُوا۟ ٱلزِّنَىٰۤۖ
"നിങ്ങൾ വ്യഭിചാരത്തെ സമീപിച്ചു പോകരുത് " (17:32)
എന്ന് പറഞ്ഞതിന്റെ യുക്തമായ കാരണം. പക്ഷെ അരാചകത്വം അരങ്ങ് വാഴുന്ന, മതനിഷ്ഠ അന്യമാക്കപ്പെട്ട ഒരു സമൂഹത്തിൽ നിങ്ങൾക്കും എനിക്കും ഇതിൽ നിന്നൊക്കെ എത്രകണ്ട് മോചനമുണ്ടെന്നത് ഒരു ചോദ്യമാണ്. കാരണം ഒരു മനുഷ്യൻ ഇടപെടുന്ന സകല വ്യവഹാരങ്ങളിലെ 'അൽഗോരിത' ങ്ങളും അങ്ങനെയാണ്. അവിടെ എന്താണ് പോംവഴി എന്നന്വോഷിക്കുന്നവർക് അല്ലാഹുവിന്റെ ഉദ്ബോധനം.
قُل لِّلۡمُؤۡمِنِینَ یَغُضُّوا۟ مِنۡ أَبۡصَـٰرِهِمۡ وَیَحۡفَظُوا۟ فُرُوجَهُمۡۚ ذَ ٰلِكَ أَزۡكَىٰ لَهُمۡۚ إِنَّ ٱللَّهَ خَبِیرُۢ بِمَا یَصۡنَعُونَ
"(നബിയെ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങൾ കാത്തു സൂക്ഷിക്കുവാനും പറയുക. അതാണ് അവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെ സൂക്ഷ്മമായി അറിയുന്നവനാകുന്നു." (24:30).
ദൃഷ്ടികൾ താഴ്ത്തി സൂക്ഷ്മതയുടെ വശങ്ങളെ ചേർത്ത് പിടിച്ചു വൻപാപങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാനും, അത് വഴി ദീർഘദൃഷ്ട്യാലുള്ള സാമൂഹിക പ്രശ്നങ്ങളെ നിർമാജനം ചെയ്യാനും സാധിക്കും.
2:നഫ്സുൽ ലവ്വാമ (കുറ്റപ്പെടുത്തുന്ന മനസ്സ്)
وَلَاۤ أُقۡسِمُ بِٱلنَّفۡسِ ٱللَّوَّامَةِ
"കുറ്റപ്പെടുത്തുന്ന മനസ്സിനെ കൊണ്ടും ഞാൻ സത്യം ചെയ്ത് പറയുന്നു" (75:2)
എപ്പോഴാണ് നമുക്ക് കുറ്റ ബോധം തോന്നുക. ചെയ്തത് തെറ്റാണെന്ന് തോന്നിയാൽ. ചെയ്യുന്ന കാര്യങ്ങളിൽ എങ്ങനെ തെറ്റും ശെരിയും തിരിച്ചറിയാനാകും.? അതിന് അല്ലാഹുവിന്റെ വിധി വിലക്കുകൾ (ശരീഅത്ത്) റസൂലിലൂടെ സമാഗതമായിട്ടുണ്ട്. ധാർമികതയിൽ അവബോധമുള്ള ഒരാൾക്ക് മാത്രമേ ഈ അവസ്ഥയിലേക്ക് പ്രവേശിക്കാനാകൂ. ശരീരത്തിന്റെ ആഗ്രഹങ്ങളും ധാർമികതയും തമ്മിലുള്ള ഒരു പിടിവലിയാണിവിടെ യഥാർത്ഥത്തിൽ നടക്കുന്നത്. ബസ്റ്റോപ്പിന് മുന്നിലൂടെ നടന്നു പോകുന്ന പെൺകുട്ടിയെ സാധാരണ പോലെ കണ്ടു. പക്ഷേ അതിനപ്പുറം വീണ്ടും നോക്കിയാലോ എന്ന ആഗ്രഹം തോന്നി. പക്ഷേ അല്ലാഹുവിന്റെ കല്പന ഓർമ വന്നു : "നിങ്ങളുടെ ദൃഷ്ടികൾ താഴ്ത്തുക". അങ്ങനെ അല്ലാഹുവിന് വേണ്ടി തന്റെ ദൃഷ്ടികൾ താഴ്ത്തി. ഇങ്ങനെയാണ് നഫ്സിൽ ലവ്വാമ പ്രവർത്തിക്കുന്നത്.
3: നഫ്സുൽ മുത്മഇന്ന (സമാധാനമടഞ്ഞ ആത്മാവ്)
أَلَا بِذِكۡرِ ٱللَّهِ تَطۡمَىِٕنُّ ٱلۡقُلُوبُ
"അല്ലാഹുവെ പറ്റിയുള്ള ഓർമ്മകൾ കൊണ്ടത്രേ മനസ്സുകൾ ശാന്തമായിത്തീരുന്നത് " (13:28)
അപ്പോൾ മനസ്സിന്റെ സമാധാനം എന്നാൽ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാണ്. നമ്മുടെ ഉദാഹരണം ഒന്ന് പൂർത്തിയാക്കാം. ബസ്റ്റോപ്പിന് മുന്നിലൂടെ പോയ പെൺകുട്ടിയെ അല്ലാഹുവിന്റെ കല്പന മാനിച്ചു നോക്കിയില്ല. അത് സമാധാനം കൊണ്ട് വരുന്നു. ആ സമാധാനം അല്ലാഹുവിൽ നിന്നുള്ളതാണ്. അത് കൊണ്ടാണല്ലോ മേലുദ്ധരിച്ച പ്രസ്തുത വചനത്തിൽ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാണ് മനസ്സ് ശാന്തമാക്കുന്നതെന്ന് പറഞ്ഞിട്ടുള്ളത്.
یَـٰۤأَیَّتُهَا ٱلنَّفۡسُ ٱلۡمُطۡمَىِٕنَّةُ
"ഹേ, സമാധാനമടഞ്ഞ ആത്മാവേ" (89:27)
എന്ന് പടച്ചവൻ വിളിച്ചത് അല്ലാഹുവിന്റെ ദാസന്മാരായ ഇത്തരക്കാരെയാണ്. ഇവിടെ പിശാചിന് യാതൊരു അധികാരവുമില്ല. അതാണ് അല്ലാഹു പറയുന്നത് "തീർച്ചയായും എന്റെ ദാസന്മാരാരോ, അവരുടെ മേൽ നിനക്ക് യാതൊരു അധികാരവുമില്ല. കൈകാര്യ കർത്താവായി നിന്റെ രക്ഷിതാവ് തന്നെ മതി."
നഫ്‌സുൽ മുത്മഹിന്നയാണ് ഏറ്റവും ഉന്നതമായ അവസ്ഥയെന്ന് പറയാൻ വയ്യ. സൂഫി ഭാഷ്യത്തിൽ ഇതിനെ ഏഴായി തരംതിരിച്ചിട്ടൊരു വായനയുണ്ട്. മുത്മഹിന്നക്ക് മുമ്പ് മുൽഹിമയും, മുത്മഹിന്നക്ക് ശേഷം റാളിയ, മർളിയ, സഫിയ്യ എന്നിങ്ങനെയുള്ള അവസ്ഥകളും. ഇതൊക്കെ അല്ലാഹുവിനോടടുക്കുമ്പോൾ അനാവൃതമാകുന്ന ദിവ്യരഹസ്യങ്ങളായ അവസ്ഥകളാണ്. അല്ലാഹു അഹ്‌ലം.
"ആഗ്രഹങ്ങൾ കൊണ്ട് കടിഞ്ഞാണിട്ടാൽ ഹൃദയമെങ്ങനെ ദൈവത്തിലെത്തും?"
~ ഇബ്നു അറബി(റ)
എഴുതിയത്: ഫൈസി
0 Comments