വളരെ ക്ഷീണിതനയാണ് ശാമിൽ നിന്നും അബൂ സൽമാൻ തിരിച്ചെത്തിയത്. ഭാര്യ ഉറക്കമായിട്ടുണ്ട്. വിരിപ്പിൽ കിടന്നെങ്കിലും ഉറക്കം കൺ പീലിയെ ഒരിറ്റ് പോലും തലോടുന്നില്ല. എങ്ങനെ വരും?! ഇന്ന് കണ്ട കാഴ്ചകളൊക്കെ ഹൃദയം കരിയിച്ചു കളയാൻ പോന്നതല്ലായിരുന്നോ. വഴി മധ്യേ തലയും ഉടലും വേർപെട്ട് കിടക്കുന്ന മനുഷ്യർ. ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാക്കപെട്ട സ്ത്രീകൾ, കഴുത്തറുത്ത് മരത്തിൽ കെട്ടി തൂക്കിയ പിഞ്ചോമനകളുടെ ശിരസ്സുകൾ.
യാ അല്ലാഹ്, അത് കണ്ടതും നെഞ്ചിൽ കടാര കുത്തിയിറക്കുന്ന വേദനയോടെ പിന്നിലേക്ക് മറിഞ്ഞു വീണു. അവിടെ വെച്ച് അബോധവസ്ഥയിലായ എന്നെ പരിചാരകരാണ് ഇവിടെയെത്തിച്ചത്. കുതിരപ്പുറത്ത് നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ അവർ പറഞ്ഞു
"ഇത് ഡിയാബുലോസിന്റെ പണിയാണ് ഹുസൂർ"
ഡിയാബുലോസ്. ആ പേര് കേട്ട് അബൂ സൽമാനൊന്ന് ഞെട്ടി. പടിഞ്ഞാറു നിന്ന് വന്ന ഒരു കൊള്ള സംഘമാണ് ഡിയാബുലോസ്. അറേബ്യയിലും പേർഷ്യയിലും ശാമിലും അവർ നിഷ്കരുണം മനുഷ്യരെ കൊന്നൊടുക്കുകയാണ്. ഒരു ചക്രവർത്തിക്കും ഇത് വരെ അവരെ പിടിച്ചു കെട്ടാനായിട്ടില്ല. ചക്രവർത്തിമാർക്കിടയിലും അവർക്ക് ചാരന്മാരുണ്ടത്രെ. പക്ഷെ ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല. പറയണം, എഴുതണം!
അബൂ സൽമാൻ തന്റെ അടുത്ത് കിടക്കുന്ന ഭാര്യയെ ഒന്ന് നോക്കി. എന്നിട്ട് മെല്ലെ എണീറ്റു. തന്റെ മേശയുടെ പുറത്തിരിക്കുന്ന തൂലികയിലൂടെ ഒന്ന് കണ്ണോടിച്ചു. എഴുതാനായി ഇരുന്നു. എന്ത് എഴുതും. കൈകൾ വിറക്കുന്നു. തല പെരുക്കുന്നു. ഹൃദയമിടിക്കുന്നു. എന്താണ് ഇങ്ങനെ? എനിക്ക് എന്ത് പറ്റി.? ഒന്നും എഴുതാൻ കഴിയുന്നില്ല. സങ്കടം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
ഈന്തപ്പനയോലയിൽ മേഞ്ഞ ആ കൊട്ടാരത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്ന അബാബീൽ പക്ഷി പറഞ്ഞു.
"അതെ അയാൾ അയാളെ തന്നെ മറന്നു തുടങ്ങിയിരിക്കുന്നു "
അബൂ സൽമാൻ അറേബ്യയിലെ അറിയപ്പെട്ട ഗോത്രത്തിലെ സമ്പന്നനായ ഒരു കച്ചവടക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ഖ്യാതി അറേബ്യൻ മരുഭൂമിയും കടന്ന് ശാമിലും, പേർഷ്യയിലും, അന്തലൂസിലും എത്തിയിരുന്നു. "ബുദ്ധിമാനായ സ്വർണ കച്ചവടക്കാരൻ' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. പക്ഷെ യഥാർത്ഥത്തിൽ അയാളുടെ കടിഞ്ഞാൺ ഭാര്യയായ ബിൻത് ഫറയുടെ കയ്യിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബക്കാർക്കിടയിൽ ഇതൊരു രഹസ്യമായ പരസ്യമായിരുന്നു. അത്യാഗ്രഹിയല്ല, ദുരാഗ്രഹിയും നാശകാരിയുമായിരുന്നു അവൾ.
അബൂ സൽമാൻ ആണെങ്കിൽ കച്ചവടം തീരെ ഇഷ്ടമല്ലാത്ത ഒരു മേഖലയാണ്. എന്നാൽ കവിതയിൽ ആഗ്രഗണ്യനാണുതാനും. വിവാഹ ശേഷമാണ് ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി കച്ചവടത്തിലേക്ക് തിരിയുന്നത്. അതിന് ശേഷം തൂലികയെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ പല കവിതകളും അറേബ്യയിലെ പ്രണയിനികൾക്കിടയിൽ ഖ്യാതി നേടിയിട്ടുണ്ടായിരുന്നു. അബൂ സൽമാന്റെ കവിതകളധികവും ഹൃദയം പൊള്ളിക്കാൻ പാകത്തിലുള്ളതായിരുന്നു. ദിവ്യനുരാഗത്തിന്റെ, വേർപാടിന്റെ അലയൊലികൾ അടയാളങ്ങൾ അയാളുടെ കവിതകളിലെ വെളിച്ചമായിരുന്നു, നിഴലുമായിരുന്നു.
"കരയുന്ന കണ്ണിലെ കണ്ണുനീരോ നീ
നിയന്താവില്ലാത്ത നിസ്കാരമോ നിരർത്ഥകം തന്നെ "
അങ്ങനെ വളരെ ഹ്രസ്വമായ ജീവിതത്തിലൂടെ കടന്ന് പോകുമ്പോഴാണ് അദ്ദേഹത്തിന്റെ ആരാധികയും അതി സുന്ദരിയുമായിരുന്ന ബിൻത് ഫറാ നിരന്തര വിവാഹാഭ്യർത്ഥനയും, പ്രലോഭനവും കൊണ്ട് അബൂ സൽമാന്റെ ഹൃദയം കീഴ്പെടുത്തിയത്. ദൈവ സ്മരണ ഏത് നിമിഷത്തിലെ ഒരു നിമിഷത്തിലാണ് മാറി നിൽക്കുന്നതെന്ന് നോക്കി നിൽക്കലാണല്ലോ സാത്താന്റെ പണി. അങ്ങനെ ഏതോഒരു നിമിഷത്തിന്റെയോ ബലത്തിൽ കയറി പറ്റി ഹൃദയത്തെ കാർന്ന് തിന്നാൻ തുടങ്ങി. പിന്നീട് അവൾ അബൂ സൽമാനെ കവിത എഴുതാനുള്ള ഒരവസരവും നൽകിയില്ല. കച്ചവടത്തിന്റെ പേരും പറഞ്ഞു നിരന്തരം ശല്യപെടുത്തി കൊണ്ടിരുന്നു. അവളുടെ ഉദ്ദേശം അയാളുടെ ഖ്യാതി ഉപയോഗിച്ച് സമ്പാദിക്കുക എന്നതായിരുന്നു. അല്ലാഹുവിനും ഭർത്താവിനും പുറമെ അവൾ സ്നേഹിച്ചത് പേരും പ്രശസ്തിയും, സാമ്പത്തിനെയുമാണ്. സൽമാൻ വിശ്വാസ്ഥനായിരുന്നത് കൊണ്ട് തന്നെ അയാളുടെ സ്വർണ കച്ചവടം പെട്ടെന്ന് അഭിവൃദ്ധി പ്രാപിച്ചു. ഒരുപാട് ഉയർന്ന സമ്പന്നന്മാരെ ചങ്ങാതികളായി ലഭിച്ചു. പക്ഷെ അപ്പോഴും അബൂ സൽമാന്റെ മനസ്സ് തേങ്ങുന്നുണ്ടായിരുന്നു. കൂട്ടം തെറ്റി പോയ വേഴാമ്പലിനെ പോലെ.
അബൂ സൽമാന് ബിൻ ഹമദെന്ന ഒരു ചെരുപ്പ് കുത്തി സുഹൃത്തുണ്ടായിരുന്നു. ചെറുപ്പം മുതലേയുള്ള കൂട്ടാണ്. പക്ഷെ വിവാഹം കഴിച്ചത് മുതൽ ഫറ ഇവരെയൊന്നും കാണാൻ സമ്മതിക്കാറില്ല. പക്ഷെ ആരെ കണ്ടില്ലെങ്കിലും അബൂ സൽമാൻ ബിൻ ഹമദിനെ കാണാൻ രഹസ്യമായി പോകുമായിരുന്നു. തന്റെ സങ്കടങ്ങളെല്ലാം പറയും. ബിൻ ഹമദ് പറയും: "എല്ലാം പടച്ചോന്റെ പരീക്ഷണങ്ങളാണ്. കഴിഞ്ഞതോർത്ത് സങ്കടപ്പെടണ്ട. നീ ആ പഴയ നീയാവണം. ഇതെല്ലാം പൊയ് പോവും. ബാക്കിയാവുന്നത് അവനാണ്. അവന്റെ സത്തയാണ്. മടങ്ങാം ആ സത്യത്തിലേക്ക്. പ്രാർത്ഥിക്ക്, പ്രായത്നിക്ക്."
ബിൻ ഹമദ് തന്റെ സുഹൃത്തിനായ് ഒരു കവിയായ്, എഴുത്തുകാരനായി, കലാകാരനായ്, ശാസ്ത്രജ്ഞനായ്, പണ്ഡിതനായി, ഖലീഫയായി.
യോജിപ്പിന്റെ ആ ദിനങ്ങളെ സ്വപ്നം കണ്ടു കൊണ്ട് അബാബീൽ പക്ഷി ഇങ്ങനെ പാടി
"സത്ത തേടിയലയും സ്വത്വമേ
ഉണരാത്തെന്തേ ഇനിയും
ഉണർത്താനീ ആത്മാമിത്രമിവിടിരിപ്പൂ
കൂട് വിട്ട്, റൂഹ് കൂട്ടി അലിയാൻ വാ
സത്യം ഒന്നിലിരിപ്പൂ, ഒന്നായിരിക്കൂ..!!"
--------------------------------------
✒️ഫൈസി
0 Comments