അതെ, ഇതൊരു യാത്രയാണ്. ഒരിക്കലും അവസാനിക്കാത്ത ഒരു യാത്ര. എന്നെ തേടിയുള്ള എന്റെ യാത്ര! "പോരുന്നോ എന്റെ കൂടെ?" ~Suffa✨

വെട്ടം

                     بسم الله الرحمان الرحيم 
നിശയുടെ നിശബ്ദതയെ ഭേദിച്ച് പടിഞ്ഞാറു നിന്ന് ഒരു കാറ്റ് വീശുന്നുണ്ട്. ഉമ്മു ഐമെന്റെ ആത്മാവിലൂടെയാണ് ആ മന്ദമാരുതൻ കടന്ന് പോയത്. അവരുടെ നടത്തത്തിന്റെ വേഗത പോലും ദിവ്യമായൊരു താളത്തിലായി. അന്തരത്തിൽ അങ്കുരിച്ച അസ്വസ്ഥതകൾ പോലും സംഗീതാത്മകം. ഉള്ളിലുള്ള ഒരു ഞാൻ, ഞാനെന്നോ നീയെന്നോ അറിയാത്ത ഒരു സ്വത്വബോധമാണ് ഈ നിശാഗന്ധി പൂക്കും നിശയിലും തിര തലോടും തരികളിലെ ആർദ്രമാം സമുദ്രത്തിലേക്കാനയിച്ചത്. കട്ട കുത്തിയ കൂരിരുട്ടിലും ഭയമല്ല, പ്രതീക്ഷയാണ് ഖൽബിൽ നിറഞ്ഞു നിന്നത്. ദിവ്യമായ ഒരു തലോടൽ തലയിലൂടെ തള്ളുന്നു. തള്ളും തളർച്ചയിൽ ഉമ്മു ഐമനൊന്ന് പിടഞ്ഞു. മാനത്തെ കാനനം നോക്കി അവർ പാടി.

"ഖൽബിൽ കല്ലല്ല, കള്ളാണിശ്ഖിൽ
തീർത്തൊരു തരമാണെ.."

പാടി തീർന്നതും മാനം മറിഞ്ഞു ചന്ദ്രനതാ ചന്ദ്രകാന്തിയായി ഇറ്റിറ്റ് വീഴുന്നു. അതിന്റെ വെട്ടം വട്ടമായി പടച്ചോന്റെ ഈ മണ്ണിലേക്കാഗമിച്ചു. ആ വെട്ടത്തിൽ വട്ടുള്ളൊരു വട്ട കണ്ണുള്ള ഞാൻ ആ കാഴ്ച്ച കണ്ട് കണ്ണ് പൊട്ടി. പൊട്ടിയ കണ്ണ് പൊട്ടാത്തൊരു കണ്ണട കൊണ്ട് കാമിലായെങ്കിലും ഖൽബ് കൊണ്ടാണ് നോക്കിയത്. അതാ.., ആകാശത്തു നിന്നും അന്തകാരത്തിൻ അന്തകനായി അക്ഷരങ്ങൾ അഴിഞ്ഞു വീഴുന്നു. അതിനിടയിലൂടെ ചിറക് വിടർത്തി ചിരി കൊളുത്തി ഒരു നിലാ പക്ഷി പരന്ന് പറന്ന് താഴുന്നു.

ഉമ്മു ഐമന്റെ അടുത്തേക്കാണ് വരവ്. സാഗരം സാക്ഷിയായ്‌ സാത്വികയായൊരു ഉമ്മു ഐമന്റെ തോളിൽ തട്ടി താന്നിരുന്നു കൊണ്ട് മോണ കാട്ടി ഭംഗിയായി ചിരിച്ചു ചോദിച്ചു.

"തേടുന്നെതെന്തോ തേടി വന്നിട്ടുണ്ട്
തേടി പെണ്ണെ.."

ഉമ്മു ഐമെൻ ഇത് കേട്ടൊന്ന് ശങ്കിച്ചെങ്കിലും പ്രതിവചിച്ചു

"തേടി വന്നതെന്തിനോ അതാണെന്നെ
തേടി വന്നതെന്നാര് കണ്ട് കുഞ്ഞി പക്ഷി

ആരാണ് നീയെന്ന് ചൊല്ലെന്നാൽ
ആരെന്ന് ഞാനറിയും നല്ല പക്ഷി."

ഇത് കേട്ട് പക്ഷി തിരിച്ചു പാടി

"നേരിൽ നിന്നായി വരും നേരിന്റെ പാതയിലുള്ളോരാ ഐമനാണ് ഞാൻ"

ഇത്‌ കേട്ടതും കാറ്റിലാടും കാറ്റാടി പോലെ ഉമ്മു ഐമെൻ മറിഞ്ഞു വീണു. ഐമെൻ പക്ഷി ഉമ്മാന്റെ അടുത്ത് വന്നിരുന്നു. നിശബ്ദമായി ആ സാഗരം ആർത്തിരമ്പി. അതിന്റെ പ്രതിഫലനം ഉമ്മു ഐമന്റെ ബോധത്തിലായി വന്നണഞ്ഞു. തന്റെ അടുത്തിരിക്കുന്ന ഐമനെ കണ്ട് കണ്ണീർ ധാര ധാരയായി ഒഴുകി കൊണ്ടിരുന്നു ഇത്‌ കണ്ട് ഐമൻ പക്ഷി പാടി

"കരയണ്ടുമ്മാ, കരയാതിരുന്നാൽ
കരളും പറിച്ചു തരും
ഐമനെന്നൊരാ ഞാനുമ്മാ
സ്വത്വം തേടി വന്ന് സത്യം
കണ്ടിനി സത്തയിൽ അലിയാൻ പോവല്ലെയോ"

ഉമ്മു ഐമൻ മൗനിയായി. ഖൽബിൽ മന്ത്രിച്ചു.

"അൽഹംദുലില്ലാഹ് അശാഫി അറഹ്‌മാനു റഹീം"

തുടരട്ടെ ആ യാത്ര.. നേരിന്റെ ഈ യാത്ര..!!

___________________________________

✒️ഫൈസി

Post a Comment

0 Comments