അതെ, ഇതൊരു യാത്രയാണ്. ഒരിക്കലും അവസാനിക്കാത്ത ഒരു യാത്ര. എന്നെ തേടിയുള്ള എന്റെ യാത്ര! "പോരുന്നോ എന്റെ കൂടെ?" ~Suffa✨

ലൈലാ മജ്നു ; ആത്മാന്വേഷണത്തിൽ നിന്നും ദിവ്യനുരാഗത്തിലേക്ക്

بسم الله الرحمان الرحيم 
അറബി സഞ്ചാരി വർഗ്ഗങ്ങൾക്കിടയിൽ ബനൂ ആമിർ ഗോത്ര വംശജനായ ഒരു മഹാപ്രഭു, മുലവഹ്ഹ് ബ്നു മസാഹിമിബ്നു റബീഹ ഭരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉദാരതയും കർമസിദ്ധിയും അറബികളുടെ സുൽത്താനാക്കി. എന്നാൽ അല്ലാഹു അദ്ദേഹത്തിന് സന്താന ഭാഗ്യം നൽകിയില്ല. പക്ഷേ അധികം വൈകാതെ മാതളത്തിന്റെ മന്ദ സ്മിതമുള്ള ഒരു കുഞ്ഞു പിറന്നു. ഇഹത്തിന്റെ ഇരുട്ട് മുഴുവൻ പ്രകാശ ധാരയായി പരിവർത്തിപ്പിക്കുന്ന രത്നം. ഓരോ തുള്ളി പാലും വിശ്വാസത്തിന്റെ സത്ത അവനിൽ നിറച്ചു. മുഖത്തു തെളിഞ്ഞ ഓരോ നീല രേഖയും സാത്താനെതിരായ പ്രതിരോധ രേഖകളായി ആത്മാവിൽ മാന്ത്രികമായി പ്രവർത്തിച്ചു. അവന്റെ സൗന്ദര്യം പരിപൂർണത പ്രാപിച്ചു. പൂർണ ചന്ദ്രനായി മാറിയ അവന് ഖൈസ് എന്ന് പേര് നൽകപെട്ടു.

നിസാമി ഗഞ്ചാവിയുടെ ലൈലാ മജ്നു തീർത്തും വ്യത്യസ്തമായൊരു അനുഭവമാണ് സമ്മാനിക്കുന്നത്. അറബിയിൽ രചിക്കപ്പെട്ട ഈ കൃതി പേർഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റിയപ്പോൾ ലോക സാഹിത്യത്തിന് ലഭിച്ചത് എക്കാലത്തേയും മികച്ച പ്രണയ കാവ്യമായിരുന്നു. മലയാളമുൾപ്പെടെ ഏറ്റവുമധികം ഭാഷകളിൽ ചലച്ചിത്രമാക്കപെട്ട രചനയും ലൈലാ മജ്നുവാണ്. കഥാപ്രേമം കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഇതൊരു 'ജീവനുള്ള കഥ' തന്നെയായിരുന്നു എന്നാണ്. സൗദ്യയിൽ പഴയ അറേബ്യൻ നാഗരികതയെ വരച്ചു കാണിക്കുന്ന അൽ അഫ്ലജ്‌ എന്ന പ്രവിശ്യയിലാണ് ഇവര് ജീവിച്ചിരുന്നത് എന്ന് പറയപ്പെടുന്നു. ഇന്നവിടെ ലൈലാ എന്നൊരു സിറ്റിയുള്ളതായി കാണാം. ഈ പ്രവിശ്യയിലെ ഗോത്ര നേതാക്കളുടെ മക്കളായിരുന്നു ലൈലയും ഖൈസും.

യഥാർത്ഥത്തിൽ ഖൈസൊരു കവിയായിരുന്നു. ലൈലയോടുള്ള പ്രണയത്തിന്റെ പ്രതിഫലനങ്ങൾ മണൽത്തരികളിൽ കോറിയിടുകയും, അറേബ്യൻ ശീത കാറ്റിലെ ഒഴുക്കിനൊത്ത് അത് പാടി നടക്കുകയും ചെയ്യുമായിരുന്നത്രെ.

അങ്ങനെ പ്രായമായപ്പോൾ പിതാവ് അവനെ പഠിക്കാൻ ഒരു പണ്ഡിതന്റെ അടുത്ത് പറഞ്ഞയച്ചു. അവിടുത്തെ സഹപാഠികൾക്കിടയിലാണ് ആ രാവുദിച്ചത്. രാവെന്നാൽ അറബിയിൽ ലൈൽ. 'ലൈലാ...'. പ്രണയം എന്താണെന്നറിയും മുമ്പ് അവർ പ്രണയ സാഗരത്തിൽ മുങ്ങി. അവരിൽ പ്രണയം മൊട്ടിടുന്നത് നിസാമി വിശേഷിപ്പിച്ചിരിക്കുന്നത് ഏറെ ഭംഗിയോടെയാണ്. "വീഞ്ഞു വില്പനക്കാരൻ ചഷകം അറ്റം വരെ നിറച്ചു. കിട്ടിയത് മുഴുവൻ അവർ കുടിച്ചു തീർത്തു. കുട്ടികളല്ലേ!! എന്താണെന്നറിയാതെ ആവോളം കുടിച്ചത് തലക്ക് പിടിച്ചു."

ഇങ്ങനെ ആലങ്കാരികാർത്ഥങ്ങൾ (Metaphors) കൊണ്ട് ഹൃദയവും, ആത്മാവും പൊള്ളിക്കുന്ന പ്രയോഗങ്ങളാണ് ഇതിലുടനീളം കാണാൻ കഴിയുക. ദൈവീക പ്രണയത്തിന്റെ ബഹിർസ്ഫുരണങ്ങളാണ് ഓരോ അക്ഷരങ്ങളും, ഓരോ വാക്കും, ഓരോ വരിയും എന്നത് ഈ വായനാനുഭവത്തെ ഹൃദ്യമാക്കുന്നു.

"ലൈലയുടെ അഴകിന്റെ കണ്ണാടിയാണ് ഖൈസിന്റെ ആത്മാവ് " ഖൈസെന്നാൽ പ്രണയം. ലൈലയെന്നാൽ ആ പ്രണയത്തിന്റെ സ്രോതസും. അതായത് മനുഷ്യന്റെ സ്വത്വം, അല്ലെങ്കിൽ റൂഹ് അവന്റെ സ്രഷ്ടാവായ അല്ലാഹുവിന്റെ മഹത്തായ നൂറിനെയാണ് പ്രതിഫലിപ്പിക്കുന്നത്. നിസാമി തുടരുന്നു "അതിൽ പ്രതിബിംബിക്കുന്നതിനെ കുറിച്ച് അവനെങ്ങനെ നിശബ്ദനാകും.തന്റെ ജീവന്റെ നിതാന്ത സ്രോതസ്സിലേക്ക് കണ്ണയയ്ക്കാതിരിക്കാൻ അവനു കഴിയില്ല."ഹാ എത്ര മേൽ മനോഹരമാണീ പ്രയോഗങ്ങളെന്ന് നോക്കൂ.

പ്രണയത്തെ നിലനിർത്തുന്നത് അടയാളങ്ങളാണ്, അല്ലെങ്കിൽ നിലകൊള്ളുന്നത് അടയാളങ്ങളിലാണ്. തന്റെ പ്രണയിനിയോട് പ്രണയം തുറന്നു പറയുന്നത് അല്ലെങ്കിൽ പകർന്നു നൽകുന്നത് അടയാളങ്ങളിലൂടെയാണ്. ഒരു വാക്കാവാം, ഒരു ചിരിയാവാം, നോട്ടം കൊണ്ട് പോലും പകർന്നു നൽകാറുണ്ട്. പക്ഷെ ശാരീരികമായി അടുത്തുള്ളപ്പോഴാണല്ലോ ഈ പകർന്നു കൊടുക്കൽ സാധ്യമാവുന്നത്. ഇല്ലെങ്കിൽ എന്ത് ചെയ്യും? ആത്മീയമായ കൈമാറ്റങ്ങൾ സാധ്യമാണോ? അതിനെ വളരെ ക്രിയാത്മകമായാണ് നിസാമി അവതരിപ്പിച്ചിട്ടുള്ളത്.

" തന്റെ കരുത്ത് തകരുന്നതായി തോന്നിയൊരു നിമിഷത്തിൽ കിഴക്കൻ കാറ്റിന്റ കൈയിൽ ലൈലക്കായി ഒരു സന്ദേശം നൽകി. "കിഴക്കൻ കാറ്റേ, നീ നേരെത്തെ എണീറ്റ് ചെല്ലുക. അവളുടെ മുടി തഴുകി ചെവിയിൽ മന്ത്രിക്കുക. നിനക്കായ് എല്ലാം ത്യജിച്ചവൻ നിന്നിലേയ്ക്കുള്ള പാതയിൽ പൊടിപിടിച്ചു കിടക്കുന്നു. വീശുന്ന കാറ്റിൽ നിന്റെ ശ്വാസമാണവൻ തിരയുന്നത്. സ്വന്തം വ്യഥ അവൻ മണ്ണിനോടോതുന്നു. അവനെക്കുറിച്ച് നീ ചിന്തിക്കുന്നുണ്ട് എന്നതിന്റെ സൂചനയായി ഒരു നെടു വീർപ്പെങ്കിലും അയച്ചു തരിക " അല്ലാഹു തന്നെ പ്രണയിക്കുണ്ട് എന്നത് ഒരു വിശ്വാസിയെ സംബന്ധിച്ച് വളരെ പ്രധാനമാണല്ലോ. അതാണ് അവനെ നിലനിർത്തുന്നത്. അവന്റെ ശ്വാസവും, ജീവനും, ഖൽബും, റൂഹും അതിൽ മാത്രം അധിഷ്ഠിതമായിരിക്കും. അതിന്റെ അടയാളങ്ങൾ ജീവിതത്തിലെ പരീക്ഷണങ്ങളാകും. സന്തോഷവും, സങ്കടവും എല്ലാം ആ ഒന്നിൽ നിന്നാണ്, എന്റെ കാലിൽ മുള്ള് തറക്കുന്നത് പോലും അവന് എന്നോടുള്ള സ്നേഹത്തിന്റെ പ്രണയത്തിന്റെ അടയാളമാണെന്ന് ഭ്രാന്തനായ പ്രണയിനി വിശ്വസിക്കും. ഈ കാഴ്ചപ്പാടുകൾ യുക്തിയുമായി കലഹിക്കും. എത്ര വിഡ്ഢിത്തമാണിതെന്ന് വിളിച്ചോതുമെന്ന് നിസാമി വരച്ചു കാണിക്കുന്നതിങ്ങനെ. "ഹൃദയം യുക്തിയുമായി കലഹിച്ചു. ഹൃദയം അവളെ ലഭിക്കാഞ്ഞു രോഗ ശയ്യയിലായി. അവളിൽ നിന്നകന്ന് ഖൈസിന് ശാന്തി ലഭിച്ചില്ല."

അപൂർണമായ മനുഷ്യ യുക്തിയെ വളരെ നിർമലമായി അവതരിപ്പിക്കുകയായിരുന്നു നിസാമിയെന്ന് കാണാം. "വീഞ്ഞ് തൊടാതെ തന്നെ അതിന്റെ മധുരഗന്ധത്തിൽ മജ്നു മത്തനായി." എന്ന പ്രയോഗമൊക്കെ തന്നെയും കാണിക്കുന്നത് കേവല ഭൗതികതക്കപ്പുറത്തെ പാരമാർത്ഥിക സത്യം തന്നെയാണ്. അതിന്റെ അനിർവചനീയ സുഖമാണ്. അല്ലാഹു എത്ര വലിയവൻ.

 ഖൈസിന്റെ വിവാഹാഭ്യർത്ഥനയുമായി പോകുന്ന പിതാവിനെ ലൈലയുടെ പിതാവ് മടക്കി അയക്കുന്നുണ്ട്. അതിന് ശേഷം കടുത്ത മന പ്രയാസത്തിലേക്ക് വഴുതി വീഴുന്ന ഖൈസിനെ പിന്തിരിപ്പിക്കാൻ സുഹൃത്തുക്കൾ ശ്രമിക്കുന്നതിങ്ങനെ. "പൂജിക്കാൻ ഈയോരൊറ്റ പെൺകുട്ടിയെ ഉള്ളൂ? നിന്റെ കൂട്ടുകാർക്കിടയിൽ എത്ര നല്ല പെൺകുട്ടികളുണ്ട്. ഉള്ള് തകർക്കുന്നവൾക്ക് പകരം നിനക്ക് സുഖം പകരുന്ന ഒരുത്തിയെ തെരഞ്ഞെടുക്ക്. തേനും പാലും പോലെ നിനക്കു വിലപ്പെട്ട ഒരുവൾ. ആ അന്യ ദേശകാരിയെ വിട്ടുകള " ഇതിനെ വളരെ സസൂക്ഷ്മം പരിശോധിച്ചാൽ വളരെ അർത്ഥവാത്തായ മറ്റൊരു ആന്തരിക തലത്തെ വേർതിരിച്ചെടുക്കാനാകും. ഇഹലോകത്തെ തെരെഞ്ഞെടുക്കുന്നതിലൂടെ ലഭിക്കുന്ന ഭൗതിക സുഖ സൗകര്യങ്ങളും അതിനെ അല്ലാഹുവിന് വേണ്ടി പരിത്യജിക്കുന്നത് സ്വയം ഉള്ള് തകർക്കുന്നതിന് തുല്യമാണെന്നുള്ള ഒരു ദ്വയാർത്ഥ വായന സാധ്യമാണ്. 'അന്യദേശക്കാരി' എന്നത് അഭൗതികമായ ഒരു സത്ത എന്ന അർത്ഥത്തിലേക്കുള്ള ഒരു ആലങ്കാരിക പ്രയോഗവും ആകാം. പക്ഷെ യഥാർത്ഥത്തിൽ ഈ വരികളിൽ സ്ഫുരിക്കുന്നത് അല്ലാഹുവിനോടുള്ള പ്രണയത്തിന്റെ മാർഗത്തിൽ ഇറങ്ങി തിരിച്ചവർക്ക് ഏറ്റവും എതിർപ്പ് നേരിടേണ്ടി വരുന്നത് സ്വന്തക്കാരിൽ നിന്നും, കൂട്ടുകാരിൽ നിന്നും 'കൂട്ടകാരിൽ' നിന്നൊക്കെ തന്നെയാണെന്ന ഒരു ധ്വനിയും വായിച്ചെടുക്കാം.

ഭയത്തെ കുറിച്ചുള്ള മനുഷ്യ വേവലാതിയെ ദിവ്യപ്രണയത്തിൽ ഉരുക്കിയെടുത്ത വാളുകൊണ്ട് നിസാമി നിഷ്കരുണം എരിച്ചു കളയുന്നുണ്ട്. "പ്രണയത്തിലാഴ്ന്ന ഒരാൾ തന്റെ ജീവനെക്കുറിച്ചോർത്ത് ഭയ വിഹ്വലനാകുന്നില്ല. പ്രണയിനിയെ തിരഞ്ഞെടുക്കുന്ന ഒരാൾ ലോകത്തെ ഭയക്കാറില്ല." അങ്ങനെ ഭയമില്ലാത്ത ഒരു കവിയുടെ കവിതകൾ തടഞ്ഞു നിർത്താൻ പാകത്തിൽ ഇഴ മുറുക്കി നെയ്ത ഒരു തിരശ്ശീലയും കൂടാരത്തിലില്ല (ഇഹലോകത്തില്ല )

തീവ്രമായ പ്രണയാനുഭവത്തെ ചിലപ്പോഴൊക്കെ നിസാമി അക്ഷരങ്ങൾ തീയിൽ ഉരുക്കിയെടുത്ത് വായനക്കാരന്റെ റൂഹ് പൊള്ളിക്കാൻ പാകത്തിൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ചില വരികൾ താഴെ ചേർക്കുന്നു.

"പ്രക്ഷുബ്ധമായ ഒരു കാറ്റ് കടന്ന് പോയാൽ, ഒരു മേഘമെങ്ങാനും ആകാശത്തിലൂടെ നീങ്ങിയാൽ അതെല്ലാം പ്രിയതമയുടെ സന്ദേശങ്ങളാണെന്ന് അയാൾ വിശ്വസിക്കുന്നു."

"ഞാൻ നിന്റേതാണ്
എത്ര ദൂരെയാണ് നീയെങ്കിലും
നിന്റെ വേദന, നീ വേദനിക്കുമ്പോൾ
എനിക്കും വേദന കൊണ്ടു വരുന്നു
അവിടെ കാറ്റ് വീശുന്നില്ലെങ്കിലും
നിന്റെ ഗന്ധം എന്നിലേക്ക് പ്രസരിക്കുന്നു"

"നിങ്ങളെ കുറിച്ച് ഒരു നൂറ് വട്ടമെങ്കിലും ചിന്തിക്കാത്ത ഒരു നിമിഷവും അവളെ കടന്ന് പോകുന്നില്ല."

ഈ പ്രയോഗം ശ്രദ്ധിക്കണം. ഒരു നിമിഷത്തിൽ നൂറ് വട്ടം ചിന്തിക്കുന്നു എന്നത് ആ തീവ്രതയെ സൂചിപ്പിക്കുന്നു. ഒരു കവിതയിലെ ശകലങ്ങൾ ഇതിനെ ഒന്നൂടെ ശക്തിപ്പെടുത്തുന്നു.

"നിന്റേതു മാത്രം - മരിക്കിലോ
നിന്നിലൂടൊഴുകും രക്തം.."

ആത്മാന്വേഷണത്തെയും, ആ പാതയിൽ ഏതൊരു മനുഷ്യനെയും കുഴക്കുന്ന ചോദ്യങ്ങളെ വളരെ ഹ്രസ്വമായി മജ്നുവിലൂടെ നിസാമി അവതരിപ്പിക്കുന്നുണ്ട്. തന്നെ ഈ പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ വന്ന പിതാവിനോട് പറയുന്നു "എന്നിലേക്ക് തന്നെ തിരിഞ്ഞു ഞാൻ ചോദിക്കാറുണ്ട്, ആരാണ് നീ? നീ പ്രണയത്തിലാണോ? ആരുമായി? ആരാലാണ് നീ പ്രണയിക്കപെടുന്നത്? ഒരാഗ്നി ജ്വാല എന്റെ ഉള്ളിലെരിയുന്നു. വലിപ്പം അളക്കാനാവാത്ത ജ്വാല." ഇങ്ങനെ സ്വത്വ ബോധങ്ങളെ ബോധ്യങ്ങളാക്കുന്ന ഹൃദ്യമായ അവതരണം പലയിടത്തും കാണാം. ആ സ്വത്വം വെറുമൊരു മിഥ്യ! സത്തയിൽ ചേരുമ്പോഴാണ് ഉണ്മ എന്നർത്ഥത്തിൽ വരുന്ന ഏറെ ഭംഗിയുള്ള പ്രയോഗങ്ങളും കാണാം. "ഒരു നാമം രണ്ടിനെക്കാൾ ശ്രേഷ്ഠമാണ്. രണ്ടുപേർക്കും കൂടി ഒന്നേ വേണ്ടൂ "

"പേര് പുറന്തോട് മാത്രമാണ്. ആ പുറന്തോടാണ് ഞാൻ. മുഖാവരണം. മുഖാവരണത്തിനടിയിലെ മുഖം അവളുടേതാണ്."

മുഖാവരണം ഇല്ലെങ്കിലും മുഖം ഉണ്ടല്ലോ. മുഖമാണ് മുഖാവരണം എന്ന ആശയത്തെ തന്നെ അർത്ഥവത്താക്കുന്നത്. കേവലമായ ഭൗതികാടയാളങ്ങൾ പോലും ആത്യന്തിക സത്യത്തിലേക്കാണ് നമ്മളെ നയിക്കുന്നതെന്ന് ചുരുക്കത്തിൽ ലൈലാ മജ്നു എന്ന പുസ്തകം വിളിച്ചോതുന്നു.

അവസാന പേജിലെ ചില വരികളിലൂടെ അവസാനിപ്പിക്കുന്നു.

"പ്രണയപരിശുദ്ധിക്കായി സ്വയം സമർപ്പിക്കുക. ആ നിമിഷം അഹം ബോധത്തിൽ നിന്ന് നിങ്ങൾ മുക്തനാകും. ലക്ഷ്യത്തിലേക്ക് പറക്കുന്നൊരസ്ത്രത്തേപോലെ പ്രണയത്തിൽ നിങ്ങൾ സഞ്ചരിക്കുക. പ്രണയം അസ്തിത്വത്തിന്റെ കെട്ടുകളഴിക്കുന്നു."

ഈ പ്രണയം അനന്തമായി തുടരും. തുടരട്ടെ.!

__________________________________

✒️ഫൈസി

Post a Comment

0 Comments