Part 1
അങ്ങനെ അവർ കഥ പറച്ചിൽ തുടർന്ന് കൊണ്ടേയിരുന്നു...
പണ്ട് ബാഗ്ദാദിൽ സമർത്ഥനായൊരു തത്തയുണ്ടായിരുന്നു. അവിടത്തെ ഏറ്റവും പ്രശസ്‌തനായ അത്തർ വിൽപ്പനക്കാരന്റെ കടയിൽ ആ തത്ത ഒരു മുഖ്യ ആകർഷണമായി മാറി. അവിടെ വിൽപനക്ക് വെച്ചിരുന്ന എല്ലാ എണ്ണ കുപ്പികളുടെ പേരുകളും, അതിന്റെയൊക്കെ ഗുണഗണങ്ങളും, എന്തിനധികം, അത് വെക്കേണ്ട അറയേതാണെന്ന് പോലും ആ തത്ത പഠിച്ചു വെച്ചിരുന്നു.
മിക്കപ്പോഴും കടയിൽ വരുന്ന ആളുകളോട് ഊദിനെക്കുറിച്ചും അത്ത റിനെക്കുറിച്ചും വാചാലമായി സംസാരിച്ചിരുന്നത് തത്ത യായിരുന്നു. അത് കൊണ്ട് കടക്കാരൻ തത്തയെ പ്രത്യേകമായി കരുതൽ കൊടുത്തു പോന്നു..
അങ്ങനെയിരിക്കെ കടക്കാരൻ രണ്ട് ദിവസത്തേക്ക് കട തത്തയെ ഏൽപ്പിച്ചു ടൈഗ്രിസിന്റെ തീരത്തുള്ള വേറൊരു പട്ടണത്തിലേക്ക് യാത്ര പോയി.. കടയിലെ കാര്യങ്ങളെ കുറിച്ചൊന്നും തത്തയെ കൂടുതലായി ഓർമ്മപ്പെടുത്തേണ്ടതില്ലായിരുന്നു! അയാൾ കടയുടെ താക്കോൽ പതുക്കെ കൊളുത്തിൽ വെച്ചു കൊടുത്തിട്ട് ദൂരേക്ക് നടന്നു നീങ്ങി.ആളുകൾ പതിവ് പോലെ അത്തർകടയിൽ വന്നു കൊണ്ടേയിരുന്നു. തത്ത തെല്ലൊരു അഹങ്കാരത്തോടെ കാര്യങ്ങളെല്ലാം നോക്കി നടത്തി.
ഏകദേശം ഉച്ചായോടടുത്ത നേരം, കടയിൽ ആളുകൾ തീരെയില്ലായിരുന്നു. അപ്പോഴൊരു പൂച്ച പിൻവാതിലിലൂടെ കടയ്ക്കകത്ത് കയറി. തത്ത ആ സമയത്ത് നാണയത്തുട്ടുകൾ തരം തിരിച്ച് വെക്കുകയായിരുന്നു. പെട്ടെന്ന് ഒരു പല്ലിയെ കണ്ട പൂച്ച,കുടഞ്ഞു കൊണ്ട് പല്ലിക്ക് നേരെ ചാടി...ക്രീ... ശബ്ദം കേട്ട തത്ത ഭയന്ന് വിറച്ച്, ചിറകിട്ടടിക്കാൻ തുടങ്ങി. ചിറകിന്റെ തൊട്ടടുത്ത് ബുഗൂർ നിറച്ച പളുങ്ക് പാത്രം താഴേക്ക് വീണ് ഘോര ശബ്ദ ത്തോ ടെ പൊട്ടി!! അതിൻറെ ആഘാതത്തിൽ, മരപ്പലക കൊണ്ട് നിർമ്മിച്ച കടയൊന്നാകെ കുലുങ്ങി! തത്തയും പൂച്ചയും ഉടനെ പുറത്തേക്ക് കുതിച്ചു..!
പിന്നെ കേട്ടത് അതിനേക്കാൾ പ്രകമ്പനമുള്ള ശബ്ദമായിരുന്നു. ശബ്ദം കേട്ട് ആളുകൾ കടയ്ക്ക് മുന്നിൽ തടിച്ചുകൂടി. എന്താ സംഭവിച്ചത്? അവിടെയുണ്ടായിരുന്ന മുന്നൂറ്റിരുപത് കുപ്പികൾ മുഴുവൻ നിലത്ത് വീണ് പൊട്ടിത്തരിപ്പണമായി!! അതിൽ നിന്നുമുള്ള എണ്ണ, അങ്ങാടിയിലേക്ക് പരന്നൊഴുകി!!!
രണ്ടു ദിവസം കഴിഞ്ഞപ്പോൾ കടക്കാരൻ തിരിച്ചെത്തി.. കട നാശമാക്കിയതിന് തത്തയെ കണക്കിന് ശകാരിച്ചു. ഒടുവിൽ കയ്യിലുണ്ടായിരുന്ന ഒരു വടി കൊണ്ട് തത്തയെ ഓങ്ങിയടിച്ചു. തത്ത വേദന കൊണ്ട് പുളഞ്ഞ്, അവിടെ നിന്നും മാറിക്കളഞ്ഞു!
അങ്ങനെ ഒന്ന് രണ്ടാഴ്ച്ച കൊണ്ട് കടയെല്ലാം നവീകരിച്ചെങ്കിലും, തത്ത പിന്നീട് ഒന്നും സംസാരിക്കാതെയായി. അടി കിട്ടിയ തലയുടെ ഭാഗത്ത് തൂവലുകൾ എല്ലാം കൊഴിഞ്ഞു പോയിരുന്നു. അങ്ങനെ തത്ത ഒരു 'കഷണ്ടി തത്ത' ആയി മാറി!!
കടക്കാരൻ പല വിദഗ്ദരായ വൈദ്യരെയും കൊണ്ട് വന്നു പരിശോധിപ്പിച്ചു. തത്ത യ്ക്ക് ഒരു മാറ്റവുമില്ല! പാലും പഴവും കൊടുത്ത് നോക്കി!! സംസാരിക്കുന്നത് പോയിട്ട് ആളുകളെ തലയുയർത്തി നോക്കുന്നു പോലുമുണ്ടായിരുന്നില്ല. അയാൾ നിരാശനായി.. തത്തയെ സംസാരിപ്പിക്കു വാനുള്ള ശ്രമം, അങ്ങനെ അയാൾ പാടേ ഉപേക്ഷിച്ചു!
ദിവസങ്ങളും മാസങ്ങളും കടന്നു പോയി.. തത്തയ്ക്ക് പറയത്തക്ക മാറ്റമൊന്നും ഉണ്ടായില്ല. അങ്ങനെ ഒരു ദിവസം, തലപ്പാവ് ധരിച്ച ഒരു സൂഫി ആ കടയിലേക്ക് വന്നു... അയാൾ കടക്കാരനോട് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ, തലപ്പാവ് പതുക്കെ അഴിച്ച് തല തടവുന്നുണ്ടായിരു ന്നു. അയാളുടെ തല വെയിലിന്റെ കിരണങ്ങളേറ്റ് കണ്ണാടിച്ചില്ലു പോലെ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. ആദ്യമായിട്ടാണ് അത്രയും മുഴുക്കഷണ്ടിയുള്ള ഒരാൾ ആ പരിസരത്ത് കാണപ്പെടുന്നത്!
അന്നേരം തത്ത പതിവില്ലാത്ത വിധം ഒരു ഉണർവ്വ് പ്രകടിപ്പിക്കാൻ തുടങ്ങി. അത് തല തിരിച്ചും ചെരിച്ചുമൊക്കെ ആ മനുഷ്യനെ മാറി മാറി നോക്കിക്കൊണ്ടേയിരുന്നു. പിന്നെ അത് പതുക്കെ തന്റെ പഴയ ശബ്ദം പുറത്തെടുത്ത് കൊണ്ടു ചോദിച്ചു;à
"ഹേ സൂഫി...,എത്ര എണ്ണക്കുപ്പികളാണ് നിങ്ങൾ തട്ടി മറിച്ചിട്ടത്???
ഇൗ കഥയുടെ മർമ്മം എളുപ്പത്തിൽ ഗ്രഹിക്കാവുന്നതാണ്... ഇഷ്‌ക് ചിരിച്ചു....പിന്നെ ഹർഷോന്മാദത്തോടെ ഇൽമിനെ നോക്കിയിട്ട് പറഞ്ഞു,
"കാര്യ-കാരണ ബന്ധങ്ങളുടെ കയത്തിൽ കറങ്ങുന്ന എന്റെ കൂട്ടുകാരാ...ഭൗതിക വിജ്ഞാനത്തിൻെറ തലപ്പാവണിഞ്ഞ നിന്നിൽ അത് മറ്റൊരു ഭാരം ആയി മാറുന്നത് നീ കാണുന്നില്ല!! വസ്തുവിവര കണക്കുകളുടെ സൂക്ഷിപ്പുകാരാ.... നിന്റെ മുന്നിലെ വസ്തുക്കളുടെ ആന്തരിക സൗന്ദര്യം നീയെന്തെ കാണുന്നില്ല? അതിൻറെ ദിവ്യ രഹസ്യം നിന്റെ അറിവുകളുടെ മറയാൽ മൂടിപ്പോയിരിക്കുന്നു.. പോട്ടക്കിണറ്റിലെ തവളക്കുഞ്ഞിനെപ്പോലെ, ഞാൻ കണ്ടതും അനുഭവിച്ചതും മാത്രമാണ് ലോകമെന്ന് നീ തെറ്റിദ്ധരിക്കുന്നു..!!! അല്ലെങ്കിൽ യുക്തിയുടെ ഇരപിടിയൻ പക്ഷിയായി ശവത്തെ കൊത്തിവലിക്കുന്നു!!
ഇല്മു വളരെ പക്വതയോടെ പ്രതിവചിച്ചു ... "
"അറിവിന്റെ വിശാലതയെയും ആഴത്തെയും മനസ്സിലാക്കാൻ ഇപ്പോഴും നിനക്ക് പക്വത വന്നിട്ടില്ല..അത് കൊണ്ടാണ് നീ ഇൗ കഥയെ മുൻനിർത്തി അങ്ങനെ പറഞ്ഞത്... ഇൗ കഥയിലെ തത്ത ഒരു വിഡ്ഢി ആയിരിക്കാം... ഒരുപാട് തവണത്തെ വിഡ്ഢിത്തത്തിന് ശേഷമല്ലെ അറിവുകൾ വെളിപ്പെട്ടു വരുന്നത്...? എല്ലാ വിമോചകർക്കു തൊട്ടു പിന്നിലും ഒരു വിഡ്ഢി ഉണ്ട്.!! അറിവ്..., അതൊരു വേദനയേറിയ പരിശ്രമമാണ്... എത്രയെത്ര വീഴ്ചകളാണ് പുതിയ പാഠങ്ങൾ സമ്മാനിക്കുന്നത്. അറിവ് നീ മനസ്സിലാക്കിയ തി നേക്കാൾ എത്രയോ വിശാലമാണ്... ഭൗതിക ജ്ഞാനം അതിന്റെ ചെറിയൊരു കണികയും!!!
ലോകത്തിന് നാമങ്ങൾ ചാർത്തിക്കൊടുക്കുക വഴി, അധികാരം എന്നും അറിവിന്റെ ആളുകൾ കയ്യാളുന്നു... നിന്റെ പക്കൽ ഭ്രാന്തമായ കുറേ സൗന്ദര്യ സങ്കൽപങ്ങൾ ഉണ്ടെന്നല്ലാതെ .. ഈ ഭൂമിയിൽ കാലുറപ്പിച്ച് ജീവിക്കാൻ സഹായകമായ എന്താണുള്ളത്???
ഇഷ്ക് പറഞ്ഞു: " പുസ്തകങ്ങളുടെ പുത്രൻ നീ, ഞാൻ പുസ്തകങ്ങളുടെ മാതാവ്... നീ ഉയർന്നു വരുന്ന ചോദ്യങ്ങളാണെങ്കിൽ ഞാൻ മറഞ്ഞു നിൽക്കുന്ന ഉത്ത രങ്ങളാണ്...നീ വിശേഷണങ്ങളെ ശ്രദ്ധിക്കുന്നു, ഞാൻ സത്തയെ ദർശിക്കുന്നു...നീ കണക്ക് കൂട്ടലുകളുടെ അടിമ, ഞാൻ പ്രപഞ്ചത്തെ ചലിപ്പിക്കുന്ന അഭിനിവേശം!!!!
Written by Nizamudheen Hadhrami
1 Comments
Thought provoking story....💫💝
ReplyDelete