അത്തരം പണ്ഡിതരിലൊരാളെ സമകാലിക വായനക്ക് വിധേയമാക്കുകയാണിവിടം
ഇബ്നു ഖല്ദൂൻ എന്ന തത്വചിന്തകനെ തന്റെ കാലത്ത് നിന്ന് ചിന്തിക്കുക എന്നതിലുപരി അദ്ദേഹത്തിന്റെ ചിന്തകളുടെ പ്രസക്തി പരിശോധിക്കലാണുത്തമം.
അബ്ബാസിയ ഭരണം തകർന്ന് ചെറിയ ചെറിയ സ്റ്റേറ്റുകളായി ഇസ്ലാമിക രാജ്യം ഉടലെടുക്കുന്ന പതിനാല് പതിനഞ്ച് നൂറ്റാണ്ടുകളിലാണ് അദ്ദേഹം ഭൂജാതനാകുന്നത്.
ബർബർ വംശജനായത് കൊണ്ട് തന്നെ അദ്ദേഹം അറബികളെ ശത്രുതാ മനോഭാവത്തോടെ കണ്ടു എന്ന് പ്രമുഖ അറബി കഥാകൃത്തായ ത്വാഹ ഹുസൈൻ അടക്കം പല രചയിതാക്കളും വിമർശിക്കുന്നുണ്ട്. ഈ വിമർശനത്തെ അബ്ദുല്ല ഇനൻ തന്റെ "ഇബ്നു ഖല്ദൂൻ ഹിസ് ലൈഫ് ആൻഡ് വർക്" എന്ന പുസ്തകത്തിൽ ശരി വെക്കുന്നുണ്ട്.
എന്നാൽ ഈ വിമർശനങ്ങളെയെല്ലാം അതേ രീതിയിൽ എടുത്താലും മുഹ്സിൻ മഹ്ദി (ഇബ്നു ഖല്ദൂൻ ഫിലോസഫി ഓഫ് ഹിസ്റ്ററി) യെ പോലുള്ളവർ വളരെ വ്യത്യസ്തമായും ക്രിയാത്മകമായും കൈകാര്യം ചെയ്യുന്നുണ്ട്.
ഇബ്നു ഖല്ദൂൻ ഒരു ബർബർ വംശജനാണെങ്കിൽ കൂടി അറേബ്യൻ ഭാവനയുള്ള ആളായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. കാരണം തന്റെ മാസ്റ്റർ പീസ് ഗ്രന്ഥമായ മുഖദ്ദിമ അദ്ദേഹം എഴുതിയത് അറബി ഭാഷയിലാണ്. അറബി ഭാഷക്ക് നൽകപ്പെട്ട ഏറ്റവും നല്ല സാഹിത്യ കൃതിയായിരിക്കണം അത്.
എഡ്വേർഡ് സൈദിനെപ്പോലുള്ള ചിന്തകന്മാരും എഴുത്തുകാരും മാത്രം അറിയപ്പെടുന്ന അദീബ് എന്ന പേര് ഇദ്ദേഹത്തെ വിളിക്കപ്പെടണം എന്ന് ബ്രൂസ് ലോറൻസ് തന്റെ "ഇബ്നു ഖല്ദൂൻ ആൻഡ് ഇസ്ലാമിക് ഐഡിയോളജി" എന്ന പുസ്തകത്തിൽ പറയുന്നു.
ഇനി ആർക്കും രചിക്കാനാവാത്ത വിധമാണ് മുഖദ്ദിമ എന്ന് എഡ്വേർഡ് ടോഎൻബി പറയുന്നു. അദ്ദേഹത്തിന്റെ ചരിത്ര പഠനത്തിൽ ഇബ്നു ഖൽദൂൻ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഇബ്നു ഖൽദൂനെ പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.
ഇസ്ലാമിക ലോകത്ത് വളരെ പ്രധാനപ്പെട്ട രണ്ട് സംവാദങ്ങളാണ് കടന്ന് പോയത്. തത്വശാസ്ത്രവും തത്വശാസ്ത്രജ്ഞരും ഇസ്ലാമികമാണോ എന്ന സംവാദത്തിലാണ് ഇമാം ഗസ്സലിയുടെ "തഹാഫത്തുൽ ഫലാസിഫ" ഉദയം കൊള്ളുന്നത്. പിന്നീട് ഒരു നൂറ്റാണ്ടിനു ശേഷമാണ് ഇബ്നു റുഷദ് ഇതിന്റെ മറുവാദമായ "തഹാഫത്തു തഹാഫ" രചിക്കുന്നത്. ഇതിനും ഒരു നൂറ്റാണ്ടിനു ശേഷമാണ് ഇബ്നു ഖല്ദൂന്റെ മുഖദ്ദിമ വിരചിതമാകുന്നത്. അതിൽ അദ്ദേഹം തത്വശാസ്ത്രജ്ഞരെ കൃത്യമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്.
താൻ ജീവിക്കുന്ന കാലത്ത് സാമൂഹ്യ ശാസ്ത്രം രൂപപ്പെട്ടിട്ടില്ലെങ്കിലും മുഖദ്ദിമയിൽ അതിന്റെ പല സാങ്കേതിക പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഇബ്നു ഖല്ദൂന്റെ സൈദ്ധാന്തിക മൂല്യങ്ങൾക്ക് അനുസൃതമായി ലോകത്തെ മുഴുവൻ സംഭവ വികാസങ്ങളും വ്യാഖ്യാനിക്കാൻ സാധിക്കും എന്ന് ഇബ്നു ഖല്ദൂനെ കുറിച്ച് എഴുതപ്പെട്ട ഏറ്റവും പുതിയ ഗ്രന്ഥത്തിൽ ഫരീദ് അത്താസ് പറയുന്നു.
ഇബ്നു ഖല്ദൂൻ മുഖദ്ദിമയിൽ പറഞ്ഞ സിദ്ധാന്തങ്ങളനുസരിച്ച് ബനൂ ഖുറൈള സംഭവം നടന്നിരിക്കാൻ സാധ്യതയില്ല. അയ്യായിരം ആളുകളെ ഒരുമിച്ച് ഒരു വീട്ടിൽ തമാസിപ്പിക്കാനുള്ള സൗകര്യം മദീനയിലെ ഏറ്റവും വലിയ പണക്കാരന്റെ വീട്ടിൽ പോലും ഉണ്ടായിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ട് വരെ ഇത് ആരും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇത് ഇസ്ലാമിക തീവ്രവാദത്തിന് ആക്കം കൂട്ടാൻ ഓറിയന്റ്ലിസ്റ്റുകളുടെ സൃഷ്ടിയാണെന്നും പറയപ്പെടുന്നു.
ഒരു ഖലീഫക്ക് വേണ്ട ഗുണഗണങ്ങൾ പറയുന്ന ഹദീസിൽ ഖുറൈശി ആകണം എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെട്ടത് നാട്ടിലെ സ്വീകര്യനും അനുസരിക്കപ്പെടുന്നവനും ആകണമെന്നാണ് ഇബ്നു ഖൽദൂൻ വ്യാഖ്യാനിക്കുന്നു.
അഴിമതിയെ കുറിച്ച് ആദ്യം സംസാരിച്ച തത്വശാസ്തജ്ഞൻ ഒരു പക്ഷെ ഇബ്നു ഖല്ദൂൻ ആയിരിക്കും. "ഫസാദ്" എന്ന അറബി പദം വിവക്ഷിക്കുന്നത് അഴിമതിയാണ് അഥവാ തന്റെയും കുടുംബത്തിന്റെയും അവശ്യങ്ങൾക്കപ്പുറം മറ്റുള്ളവരുടെ ധനം കൂടി തനിക്ക് വേണ്ടി സ്വരൂപിക്കുക. ഇത് രാഷ്ട്രീയക്കാരുടെ ഇടയിൽ അധികരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വിലയിരുത്തുന്നു. പുതിയ കാലത്തെ അഴിമതികൾ നമുക്ക് ഇതുമായി താരതമ്യം ചെയ്യാൻ സാധിക്കും.
നീതി ഒരു വസ്തുവിനെ തൽസ്ഥാനത്തു വെക്കലാണെന്നും അനീതി അതിന് നേർവിപരീതമാണെന്നും അദ്ദേഹം പറയുന്നു. കുട്ടികളെയും മുതിർന്നവരെയും അവരുടേതായ സ്ഥാനത്ത് കാണണമെന്നത് അദ്ദേഹത്തിന്റെ സ്വന്തമായ നിലപാടാണ്.
മനുഷ്യൻ മറ്റു മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാവുന്നത് തന്റെ ചിന്താ ശേഷി കൊണ്ടാണെന്നും അതിൽ നിന്നാണ് സഹകരണ ബോധം ഉദയം ചെയ്യുന്നതെന്നും അതിൽ നിന്നും സമൂഹമുണ്ടാകുന്നു എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ആചാരങ്ങളുടെയും രീതികളുടെയും ക്രിയാത്മക വശങ്ങളുമായി വ്യക്തിക്ക് ബന്ധപ്പെടാൻ സാധിക്കുമ്പോഴാണ് സാമൂഹികമായി പ്രകാശിക്കുന്നത്. ഇവിടെ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ടെന്ന് അദ്ദേഹം നിരീക്ഷണം നടത്തുന്നു.
എല്ലാവരും പരസ്പരം സഹകരിക്കുന്ന ഒരു സാമൂഹിക മണ്ഡലത്തിലേക്ക് അദ്ദേഹം ചെന്നെത്തുന്നുണ്ട്. അദ്ദേഹം പാകിയ അടിത്തറ ഇന്നും പലരിലൂടെയും മുന്നോട്ട് ഗമിക്കുന്നു.
മുഹമ്മദ് ശഹീർ മുണ്ടംപറമ്പ
റഫൻസ്
1- മുഖദ്ദിമ - ഇബ്നു ഖല്ദൂൻ
2- ഫൽസഫത് ഇബ്നു ഖല്ദൂൻ അൽ ഇജ്തിമാഇയ്യ - ത്വാഹ ഹുസൈൻ
3- ഇബ്നു ഖല്ദൂൻ ഹിസ് ലൈഫ് ആൻഡ് വർക്‌സ് - അബൂ ഇനാൻ
0 Comments