ജീവിതത്തിന്റെ സകല മേഖലകളും പഠിപ്പിക്കുന്ന സൽസരണിയാണ് ഇസ്ലാം. ജനനം മുതൽ മരണം വരെ ഒരാൾ ചെയ്തു തീർക്കേണ്ട സകല കാര്യങ്ങളു അത് പ്രതിപാദിക്കുന്നു. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലയിൽ എങ്ങനെ ഇടപെടണം എന്ന് ഇസ്ലാം പഠിപ്പിച്ചു തരുന്നു.
കുട്ടിയായിരിക്കെ മാതാപിതാക്കളോട് ചെയ്യേണ്ട കടമകൾ, ഭർത്താവ് ആയിരിക്കെ ഭാര്യയോടുള്ള കടമകൾ, ഭാര്യക്ക് ഭർത്താവിനോടുള്ള കടമകൾ, ഉപ്പക്കും ഉമ്മക്കും മക്കളോട് ഉള്ള കടമകൾ എല്ലാം പറഞ്ഞു വെക്കുന്നു ഇസ്ലാം.
കേവലം അറുപത്തി മൂന്ന് വർഷം കൊണ്ട് മനുഷ്യ ജീവിതത്തിന്റെ നാനാ തലവും സ്വജീവിതത്തിൽ വരച്ചു കാണിച്ചുതന്ന പിതാവിന്റെ മാതൃക വായിക്കാൻ ഒരു ശ്രമം നടത്തുകയാണ് ഇവിടെ.
നൈതിക മൂല്യങ്ങൾ നശിച്ചു കഴിഞ്ഞിരുന്ന ആറാം നൂറ്റാണ്ടിൽ ജാഹിലിയ്യത്തിന്റെ അന്ധകാരത്തിന് മുന്നിൽ വെളിച്ചം വീശിക്കൊണ്ടാണ് പ്രവാചകൻ ഭൂജാതനാകുന്നത്.
താൻ ജന്മം നൽകിയ കുട്ടി പെണ്ണാണ് എങ്കിൽ മണ്ണിനടിയിൽ ആക്കണം എന്ന് നിർബന്ധമുള്ള കാലത്താണ് പെണ്ണും ജീവിക്കേണ്ടവരാണ് എന്ന് പ്രഖ്യാപിക്കുന്ന പ്രവാചക വചനം അലയൊലി കൊള്ളുന്നത്.
നന്നേ ചെറുപ്പത്തിൽ ഉമ്മ പ്രവാചകരെ ഏല്പിച്ചു പോയ അനസ് ബിൻ മാലിക് (റ ) ഒരു സത്യം ലോകത്തോട് വിളിച്ചു പറഞ്ഞു. "പത്തു വർഷം ഞാൻ നബിയോട് കൂടെ നിന്നപ്പോൾ ഒരിക്കൽ പോലും നബി എന്നോട് 'ച്ചെ' എന്ന് പോലും പറഞ്ഞിട്ടില്ല"
പ്രിയ പത്നി ബീവി ഖദീജ (റ) സമ്മാനിച്ച അടിമ സൈദ് ബിൻ ഹാരിസ (റ)വിനെ പിതാവ് തിരഞ്ഞു വന്നപ്പോൾ കൂടെ പോകാതിരിക്കാൻ കാരണം നബിയിലെ ഉത്തമ പിതാവിനെ കണ്ടെത്തി എന്നതാണ്.
പത്തു വയസ്സുകാരനായ അലി (റ) സ്വന്തം പിതാവിന്റെ സമ്മതമില്ലാതെ ഇസ്ലാം സ്വീകരിക്കുമ്പോൾ സ്വന്തം പിതാവിനെക്കാൾ ഉത്തമനായ ഒരു പിതാവിനെ ഈ വളർത്തുപിതാവിൽ കണ്ടിരിക്കാണം.
പ്രവാചകന്റെ കരളിന്റെ കഷ്ണമാണ് ബീവി ഫാത്തിമ (റ ). ചെറുപ്പത്തിൽ തന്നെ ഉമ്മ മരിച്ചപ്പോൾ ആ ഉമ്മയെ കൂടെ അവർ നബിയിൽ കണ്ടെത്തിയിരുന്നു. ഫാത്തിമ എന്റെ കരളിന്റെ കഷ്ണം ആണെന്ന് പറയുന്നത് പോലെ തന്നെ ജീവിതത്തിൽ ഉടനീളം ഒരുമിച്ചു കഴിഞ്ഞു. മരണത്തിൽ വരെ വളരെ അടുപ്പം. പ്രവാചകൻ വഫാത്തായി ആറ് മാസം ആയപ്പോഴേക്കും പ്രിയ മകളും ഇഹലോക വാസം വെടിഞ്ഞിരുന്നു.
അത്രമേൽ സ്നേഹിച്ചിരുന്നിട്ട് പോലും ശരീഅത്തിന്റെ വിഷയങ്ങൾ കണിശമായിരുന്നു. പ്രവാചകൻ പറഞ്ഞു "എന്റെ മകൾ ഫാത്തിമ കട്ടാലും ഞാൻ കൈ മുറിക്കും " ശരീഅത്തിന്റെ ധീര പ്രഖ്യാപനം!
ഒരേ വീട്ടിൽ താമസിച്ചു വളർന്ന അലി (റ ) യും ഫാത്തിമ (റ ) യും തമ്മിൽ വിവാഹ ദിനം വരെ കണ്ടു മുട്ടിയിട്ടില്ല.
മക്കൾ പഠിപ്പിക്കപ്പെടേണ്ട മുറകൾ കാണിച്ചു തരികയാണ് പ്രവാചകനിലെ ആ പിതാവ്.
ഓരോ യാത്ര ആരംഭിക്കുമ്പോഴും തിരിച്ചു വീട്ടിൽ എത്തുമ്പോഴും പ്രവാചകൻ ആദ്യം പോയിരുന്നത് ഫാത്തിമ (റ ) യുടെ വീട്ടിലായിരുന്നു. എന്നാൽ താൻ കണ്ട തെറ്റ് തിരുത്തുന്നതിന് യാതൊരു മടിയും ആ പിതാവിന്റെ ഭാഗത്തുണ്ടായിരുന്നില്ല. ഒരിക്കെ യാത്ര കഴിഞ്ഞ് വരുമ്പോ ഫാത്തിമ ബീവിയുടെ വീട്ടിൽ ഒരു ജീവിയുടെ പടം ഉള്ള വിരി തൂക്കിയതിനാൽ പ്രവാചകൻ അങ്ങോട്ട് പോയില്ല. ഇത് അറിഞ്ഞ ബീവി അത് ഒഴിവാക്കി പ്രവാചകന്റെ അടുത്ത് പോയി എന്ന് ചരിത്രം പറയുന്നു.
പ്രവാചക സന്നിധിയിലേക്ക് ഫാത്തിമ ബീവി കടന്ന് വരുമ്പോൾ പ്രവാചകൻ എഴുന്നേറ്റു നെറ്റിയിൽ ചുംബനം നൽകുകയും താൻ ഇരിക്കുന്ന വിരിപ്പിൽ അല്പം സ്ഥലം അവർക്ക് വിട്ടു നൽകുകയും ചെയ്യും.
അനസ് (റ) വിനെ ഒരിക്കൽ പ്രവാചകൻ എന്തോ ആവശ്യത്തിന് വേണ്ടി അയച്ചു. ഏറെ നേരം ആയിട്ടും അനസി(റ)നെ കാണാനില്ല. പ്രവാചകൻ അന്വേഷണം തുടങ്ങി. അപ്പൊ അനസ് (റ) കുട്ടികൾക്കൊപ്പം കളിക്കുകയാണ്. പ്രവാചകൻ പിന്നിലൂടെ ചെന്ന് അനസി(റ)ന്റെ ഖമീസ് ഒന്ന് വലിച്ചു. അനസ് (റ) തിരിഞ്ഞു നോക്കിയപ്പോൾ പുഞ്ചിരിക്കുന്ന പ്രവാചകൻ. അദ്ദേഹം ഓടിപ്പോയി സാധനം കൊണ്ട് വന്നു പ്രവാചകരെ ഏല്പിക്കുന്ന രംഗം.
വളരെ വിശാലമായ പ്രവാചക പാഠങ്ങൾ.
അനസ് (റ) പറയുന്നു: പ്രവാചകരെ പോലെ സ്വന്തം കുടുംബത്തെ സ്നേഹിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. പ്രവാചക പുത്രൻ ഇബ്രാഹിം മദീനയിൽ നിന്ന് മൂന്നോ നാലോ മൈൽ അകലെ ഒരു സ്ഥലത്താണ് വളർന്നത്. മകനെ കാണാനായി നടന്നു പോകുമായിരുന്നു പ്രവാചകൻ. എന്നിട്ട് വളർത്തുമ്മയിൽ നിന്നും വാങ്ങി ചുംബിക്കും. പിന്നെ തിരിച്ചു പോരും
അബൂ ഖത്താദ വിവരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. ഒരിക്കൽ ഞങ്ങൾ എല്ലാവരും മസ്ജിദുന്നബവിയിൽ ഇരിക്കുമ്പോ പ്രവാചകൻ തന്റെ പേര മകൾ ഉമാമയെ ചുമലിലേറ്റി വന്നു. അങ്ങനെ തന്നെ നിസ്കരിക്കുകയും ചെയ്തു.
അഖ്‌റഅ ബിൻ ഹാബിസ് എന്നവർ പ്രവാചക സന്നിധിയിൽ ഇരിക്കുമ്പോൾ ഹസൻ ഹുസൈൻ എന്നവരെ പ്രവാചകൻ ചുംബിച്ചു. ഇത് കണ്ട അദ്ദേഹം പറഞ്ഞു : എനിക്ക് പത്തു മക്കൾ ഉണ്ട് അവരിൽ ഒരാളെ പോലും ഞാൻ ഇത് വരെ ചുംബിച്ചിട്ടില്ല. "കരുണ ചെയ്യാത്തവർ കരുണ ചെയ്യപ്പെടുകയില്ല" പ്രവാചകൻ പ്രതിവചിച്ചു.
പേരമക്കളായ ഹസൻ, ഹുസൈൻ എന്നിവരോട് പ്രവാചകർക്ക് അടങ്ങാത്ത സ്നേഹമായിരുന്നു. ഫാത്തിമ ബീവി(റ)യുടെ വീട്ടിൽ ചെന്നാൽ പ്രവാചകൻ പറയും "എന്റെ കുട്ടികളെ കൊണ്ട് വരൂ". ബീവി അവരെ പ്രവാചക സന്നിധിയിൽ ഹാജരാക്കും. നബി അവരെ മുത്തി മണക്കുകയും മാറോട് അണക്കുകയും ചെയ്യും.
പ്രവാചകൻ ഒരിക്കെ മിമ്പറിൽ ഖുതുബ നടത്തികൊണ്ടിരി ക്കെ ചുവന്ന ഖമീസ് ധരിച്ചു കൊണ്ട് ഹസൻ, ഹുസൈൻ എന്നിവർ പള്ളിയിൽ കടന്ന് വന്നു. അവർ നന്നേ ചെറുപ്പം ആയതിനാൽ ഇടക്ക് തെന്നി വീഴുന്നുണ്ടായിരുന്നു. ഇത് കണ്ട പ്രവാചകൻ മിമ്പറിൽ നിന്ന് ഇറങ്ങി വന്നു അവരെ എടുത്തു.
പ്രവാചകന്റെ ചുമലിൽ കയറി ഇരിക്കുന്ന പേരമകനെ കണ്ട ഒരു സ്വഹാബി പറഞ്ഞു: മകനെ..നിന്റെ വാഹനം എത്ര മഹത്തരം? ഉടൻ പ്രവാചകൻ പ്രതികരിച്ചു : യാത്രക്കാരൻ എത്ര ഉത്തമൻ...
ഹസൻ, ഹുസൈൻ എന്നിവരിൽ ഒരാൾ പ്രവാചകന്റെ കാലിൽ കയറി നടക്കുകയായിരുന്നു. അപ്പൊ നബി പറഞ്ഞു: എന്റെ നെഞ്ചിൽ കയറരുത്. കുട്ടി നെഞ്ചിൽ കയറി. അപ്പൊ നബി പറഞ്ഞു : അല്ലാഹുവേ ഞാൻ ഇവനെ ഇഷ്ടപ്പെട്ടു നീയും ഇഷ്ടപ്പെടണെ...
പ്രവാചകൻ ഒരു വീട്ടിലേക്ക് അവരുടെ ക്ഷണപ്രകാരം പോകുകയായിരുന്നു. വഴിയിൽ ഹുസൈൻ (റ) കളിക്കുന്നത് കണ്ടു. നബി അവരെ കൈ കാണിച്ചു വിളിച്ചു. നബിയുടെ അടുത്ത് വന്നു അദ്ദേഹം ഓടി. ഒടുവിൽ നബി പിടിച്ചു. എന്നിട്ട് കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു ഹുസൈൻ എന്റേത് ആണ് ഞാൻ ഹുസൈനിന്റെയും...
പല സമയങ്ങളിലും പ്രവാചകൻ ഹുസൈൻ (റ) വിനെ മടിയിൽ ഇരുത്തി മുഖം ചേർത്ത് നബി അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യുമായിരുന്നു.
ബദ്ർ യുദ്ധത്തിൽ പിടിക്കപ്പെട്ട പ്രവാചകന്റെ ജാമാതാവിന്റെ മോചനദ്രവ്യമായി നൽകപ്പെട്ടത് സൈനബ ബീവിക്ക് ഖദീജ ബീവി നൽകിയ സ്വർണമാലയായിരുന്നു. അത് കണ്ടു സങ്കടം വന്ന പ്രവാചകൻ സ്വഹാബികളോട് ചോദിച്ചു : നിങ്ങൾക് തൃപ്തി എങ്കിൽ ഈ മാല ഞാൻ തിരിച്ചു നൽകിക്കോട്ടേ...
സ്വഹാബികൾ സമ്മതിച്ചു.
സൈനബ ബീവിയുടെ മകൾ ആയിരുന്നു ഉമാമ. അവരോടു പ്രവാചകർക്ക് വളരെ ഇഷ്ടമായിരുന്നു. നിസ്കാരത്തിൽ പോലും കൂടെ കൂട്ടും. റുകൂഇൽ അവരെ ഇറക്കി വെക്കും. എഴുന്നേൽക്കുമ്പോൾ വീണ്ടും ചുമലിൽ വെക്കും.
മരണാസന്നനായ പേരക്കുട്ടിയെ മടിയിൽ ഇരുത്തി കണ്ണീർ പൊഴിക്കുന്ന പ്രവാചകരെ നോക്കി ഒരു സ്വഹാബി ചോദിക്കുന്നുണ്ട് : എന്താണ് പ്രവാചകരെ ഇത്?
"ഇത് സ്രഷ്ടാവ് തന്റെ പടപ്പിൽ നിക്ഷേപം ചെയ്ത കരുണയാണ്" നബി പറഞ്ഞു.
പുത്രൻ ഇബ്രാഹീം നാഥന്റെ വിളിക്ക് ഉത്തരം നൽകിയപ്പോഴും സജല നയനങ്ങളുമായി പ്രവാചകൻ പറഞ്ഞിരുന്നു "കണ്ണുകൾ നിറഞ്ഞൊഴുകും ഹൃദയം തുടിക്കും എന്നാലും നാഥന്ന് ഇഷ്ടപ്പെടുന്നതു മാത്രം പറയുക"
പുത്രൻ ഇബ്രാഹിം മരിച്ച ശേഷം തന്നെ അക്ഷേപിച്ച ആളുകളെ അള്ളാഹു സൂറത്തുൽ കൗസറിൽ കളിയാക്കി.
എല്ലായിടത്തും ഉത്തമ മാതൃക തെളിയിച്ചു പ്രവാചകൻ. ഭാര്യ മരിച്ചു മക്കൾ ബാക്കിയുള്ളവർക്കും മക്കൾ മരിച്ചു ബാക്കിയുള്ള ഉപ്പമാർക്കും എല്ലാം ആ തിരുജീവിതത്തിൽ മാതൃകയുണ്ട്. പരിശുദ്ധ ഖുർആൻ പറഞ്ഞു വെച്ച ഉത്തമ മാതൃക (ഉസ്‌വതുൻ ഹസന) ഇവിടെയും നാം ദർശിക്കുന്നു.
കവി പറഞ്ഞത് എത്ര സത്യം
"അങ്ങ് ഞങ്ങളുടെ മാതാവോ അതോ പിതാവോ..അവരിൽ പോലും ഞങ്ങൾ നിങ്ങളുടെ നന്മ കണ്ടിട്ടില്ല"
നാഥൻ സൽസരണിയിൽ തുടരാൻ തൗഫീഖ് നൽകട്ടെ..
ആമീൻ
______________________
✍🏻മുഹമ്മദ് ശഹീർ മുണ്ടംപറമ്പ്
റഫറൻസ്
1-സീറതുന്നബി - അല്ലാമ ഷിബ് ലി നുഅമാനി
2- ബുഖാരി
3-മുസ്ലിം
4- തിരുനബി അസഹിഷ്ണുതയോട് സഹിഷ്ണുത ഇല്ലാതെ (അൽ ഇഹ്സാൻ പബ്ലികേശൻ)
0 Comments