അടുത്ത കാലത്തായി മലയാള സിനിമകളിലും എഴുത്തുകളിലും സൂഫി ചിന്തകൾ ധാരാളമായി കടന്നു വന്നിട്ടുണ്ട്. മുസ്‌ലിം പശ്ചാത്തല കഥ പറയുന്ന സിനിമയായ സൂഫിയും സുജാതയും ഹിറ്റായതോടെ തസവ്വുഫിനെ കുറിച്ചുള്ള ചർച്ചകൾക്കും ചൂടേറി. തസവ്വുഫിന്റെ ഉത്ഭവം, ചരിത്രം, പാശ്ചാതലം, അടിസ്ഥാനം, ഖുർആനിലേക്കും ഹദീസിലേക്കുമുള്ള സൂഫിസത്തിന്റെ വേര് തുടങ്ങിയവയെക്കുറിചുള്ള ഒരു ആമുഖമാണ് ഈ ലേഖനം പ്രധാനമായും ഉദ്ദേശിക്കുന്നത്.
തസവ്വുഫ് അഥവാ സൂഫിസം എന്ന പദം ഇക്കാലത്ത് ഒരുപാട് തെറ്റിദ്ധാരണകൾക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. ഖുർആനിനും തിരു സുന്നത്തിനും എതിരായ അതിര് കടന്ന ആരാധന മുറകളുടെ പേരാണ് തസവ്വുഫ് എന്ന് സമൂഹത്തിലെ ഒരു വിഭാഗം ആളുകളുടെ ചിന്താമണ്ഡലങ്ങളിൽ ഇരുപ്പ് വന്ന ആശയമാണ്. ഇക്കൂട്ടരുടെ വാദപ്രകാരം തസവ്വുഫ് ഇസ്ലാമിന്റെ ഭാഗമല്ല എന്നാണ്. എന്നാൽ അതേ സമയം വേറെ ഒരു വിഭാഗം തസവ്വുഫിനെ ദീനിന്റെ മുഖ്യ ഘടകമായി മനസ്സിലാക്കി അതിൽ ഭ്രമിച്ച് മതത്തിന്റെ പല അതിരുകൾ ലംഘിക്കുന്നത് വരെ എത്തി നിൽക്കുന്നു. ഇവ രണ്ടിൽ നിന്നും നെല്ലും പതിരും വേർതിരിച്ച് ഖുർആനിനോടും തിരു സുന്നത്തിനോടും യോജിക്കുന്ന തസവ്വുഫിനെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഇത്.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിൽ ധാർമിക മൂല്യങ്ങൾ പരിരക്ഷിക്കുക എന്നത് ദീനിന്റെ ഭാഗമാണ്. അതിലൂടെ മാത്രമാണ് ഇഹപര വിജയം സാധ്യമാകുക. അതിന് ആവശ്യമായ നിർദേശങ്ങൾ ഖുർആനിലും പ്രവാചക ചര്യയിലും ഉടനീളം പ്രതിപാദിക്കുന്നുണ്ട്. പ്രസ്തുത നിർദേശങ്ങൾ അനുധാവനം ചെയ്ത് ജീവിതത്തിൽ ധാർമിക മൂല്യങ്ങൾ നില നിർത്തുക വഴി സ്രഷ്ടാവുമായുള്ള ബന്ധം സുദൃഢപ്പെടുത്തുന്നതിന്റെ പേരാണ് തസവ്വുഫ്. വിശുദ്ധ ഖുർആനിലോ തിരു സുന്നത്തിലോ തസവ്വുഫ് എന്ന പദം കണ്ടെത്താനാവില്ല. അതിനർത്ഥം പ്രസ്തുത സാങ്കേതിക പദം തള്ളപ്പെടേണ്ടതാണ് എന്നല്ല. ഉദാഹരണത്തിന്, തൗഹീദ് എന്ന പദത്തിന്റെ ക്രിയ ധാതു ഹദീസിൽ വളരെ വിരളമായി വന്നിട്ടുണ്ടെങ്കിലും ഖുർആനിൽ കാണാൻ സാധിക്കില്ല, അത് കൊണ്ട് ഒരു വാക്ക് അല്ലെങ്കിൽ സാങ്കേതിക പദം ഖുർആനിലും ഹദീസിലും ഇല്ല എന്നത് അത് തള്ളിക്കളയാനുള്ള മാനദണ്ഡമല്ല. ഇസ്ലാമിലെ എല്ലാ വിജ്ഞാന ശാഖയുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്.
തസ്കിയത് തസവ്വുഫ് ഇഹ്‌സാൻ :
ഖുർആനിലെ തസ്കിയതും ഹദീസിലെ ഇഹ്‌സാനുമാണ് തസവ്വുഫിന്റെ അടിസ്ഥാനം എന്ന് ഒറ്റവാക്കിൽ നിർവചിക്കാം. പ്രവാചകന്റെ നിയോഗ ലക്ഷ്യമായി അല്ലാഹു പറയുന്നു : നിരക്ഷരർക്കിടയിൽ അവരിൽ നിന്നു തന്നെ ഒരു ദൂതനെ നിയോഗിച്ചത് അവനാകുന്നു. അദ്ദേഹം അവന്റെ സൂക്തങ്ങൾ അവർക്ക് ഓതിക്കൊടുക്കുന്നു. അവരുടെ ജീവിതത്തെ സംസ്കരിക്കുന്നു. വേദവും പ്രായോഗിക രൂപവും പഠിപ്പിച്ചു കൊടുക്കുന്നു. അവർ ഇതിന് മുമ്പ് തികഞ്ഞ ദുർമാർഗത്തിലായിരുന്നുവല്ലോ. (ജുമുഅ)
പ്രവാചക നിയോഗത്തിന്റെ ലക്ഷ്യമായി ഇവിടെ ഖുർആൻ മൂന്ന് കാര്യങ്ങളാണ് പറഞ്ഞ് വെക്കുന്നുണ്ട്:
1- അല്ലാഹുവിന്റെ ദീൻ പരിപൂർണ്ണമായും ജനങ്ങൾക്ക് എത്തിക്കുക.
2- അവരെ ആ ദീൻ കൊണ്ട് സംസ്കരിക്കുക. (തസ്കിയത്)
3- വേദജ്ഞാനം അവർക്ക് പഠിപ്പിക്കുക.
മറ്റൊരിടത്ത് അല്ലാഹു പറയുന്നത് കാണുക: മനസ്സിനെ സംസ്കരിച്ചവൻ (തസ്കിയത്) തീർച്ചയായും വിജയം വിരിച്ചിരിക്കുന്നു. (ശംസ്)
ആത്മസംസ്കരണവുമായി ബന്ധപ്പെട്ട് വേറെയും നിരവധി ഖുർആനിക പാഠങ്ങൾ ഉണ്ട്. ഇനി ഹദീസിൽ തസവ്വുഫിന്റെ ഇടപെടൽ എങ്ങനെയാണ് എന്ന് പരിശോധിക്കാം. ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു പ്രസിദ്ധ ഹദീസാണ് حَدِيثُ جِبْريل (ജിബ്‌രീലിന്റെ ഹദീസ്). പ്രവാചന്റെയും സ്വഹാബത്തിന്റെയും സന്നിധിയിൽ ജിബ്രീൽ (അ) ആഗതനാവുകയും, ഇസ് ലാം, ഇഹ്സാൻ, ഈമാൻ എന്നിവയെകുറിച്ച് ആരായുകയും ചെയ്യുന്ന സംഭവമാണ് മേൽപറഞ്ഞ ഹദീസിന്റെ ഉള്ളടക്കം. പ്രസ്തുത ഹദീസിൽ, ഇസ്ലാം എന്നാൽ കർമശാസ്ത്രപരമായ കാര്യങ്ങളും, ഈമാൻ എന്നാൽ വിശ്വാസ സംബന്ധമായ കാര്യങ്ങളും, ഇഹ്‌സാൻ എന്നാൽ ആത്മസംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായാണ് സൂചിപ്പിക്കുന്നത്. ഇവ മൂന്നും ഒന്നിക്കുമ്പോഴാണ് ദീൻ പൂർണമാകുന്നത്.
ഇതിൽ ഇഹ്സാനിനെ പറ്റി പ്രവാചകൻ (സ) പറയുന്നത് കാണുക: നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നിന്നെ കാണുന്നുണ്ട് എന്ന ബോധ്യത്തോടെ അവനെ വഴിപ്പെടുക എന്നതാണ് ഇഹ്സാൻ. ഇവിടെ പ്രവാചകൻ (സ) തസവ്വുഫിനെ ഇഹ്സാനിനെ മുന്നിൽ വെച്ച് കൃത്യമായി നിർവചിക്കുകയാണ് ചെയ്തത്. ആത്മസംസ്കരണവുമായി ബന്ധപ്പെട്ട മറ്റു ഹദീസുകളും ഇതിനോട് ചേർത്ത് വായിച്ചാൽ പ്രാമാണികമായുള്ള തസവ്വുഫിന്റെ പിൻബലം വ്യക്തമാകും. ഇത്തരത്തിൽ തസവ്വുഫിന്റെ അർത്ഥവും വികാസവും മനസ്സിലാക്കിയാൽ സമൂഹത്തിൽ വളർന്നു വരുന്ന തെറ്റിദ്ധാരണകളെ ഒരളവോളം കുറക്കാൻ സാധിക്കും.
തസവ്വുഫിന്റെ അർത്ഥം :
തസവ്വുഫിനെ പണ്ഡിതന്മാർ പല രീതികളിൽ നിർവചിച്ചിട്ടുണ്ട്. എന്നാൽ എല്ലാ നിർവചനങ്ങളിലും പ്രകടമാകുന്ന ഏകീകരണ സ്വഭാവം എന്നുള്ളത് ആത്മസംസ്കരണവും സ്വഭാവ വിശുദ്ധിയും സ്രഷ്ടാവിനോടുള്ള വിധേയത്വവുമാണ്.
ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസാരി (റ) പറയുന്നു : "തസവ്വുഫ് എന്നാൽ ആത്മ സംസ്കരണത്തെപ്പറ്റിയും സ്വഭാവ വിശുദ്ധിയെ പറ്റിയും സ്വന്തം അകവും പുറവും സൂക്ഷിക്കുക വഴി ശാശ്വത വിജയം കൈവരിക്കാനുള്ള അവസ്ഥകളെ പറ്റിയുമുള്ള അറിവാണ് ".
സയ്യിദു ത്വാഇഫ എന്ന പേരിൽ വിശ്രുതനായ ഇമാം ജുനൈദുൽ ബാഗ്ദാദി (റ) പറയുന്നു: "സൽസ്വഭാവങ്ങൾ സ്വീകരിക്കുകയും ദു:സ്വഭാവങ്ങൾ ഉപേക്ഷിക്കുകയുമാണ് തസവ്വുഫ്".
ശാദുലി ത്വരീഖത്തിന്റെ സ്ഥാപകൻ അബുൽ ഹസൻ ശാദുലി (റ) പറയുന്നു : "തസവ്വുഫ് എന്നാൽ അല്ലാഹുവിന്റെ അടിമത്വത്തിലായി മനസ്സിനെ പരിശീലിപ്പിക്കലും, പടച്ചവന്റെ വിധികൾക്ക് അതിനെ വിധേയപ്പെടുത്തലുമാണ് ".
തസവ്വുഫിനെ പറ്റി മൂല്യവത്തായ അനവധി ഗ്രന്ഥങ്ങൾ രചിച്ച ഇബ്നു അജീബ (റ) പറയുന്നു : തസവ്വുഫ് എന്നാൽ രാജാധി രാജന്റെ സന്നിധിയിലേക്ക് എത്തിച്ചേരേണ്ട മാർഗത്തെപ്പറ്റിയും, ഹൃദയത്തെ മ്ലേഛതകളിൽ നിന്ന് ശുദ്ധീകരിക്കുകയും പകരം സൽഗുണങ്ങൾക്കൊണ്ട് അവയെ സജീവമാക്കുകയും ചെയ്യുന്ന രീതികളെ കുറിച്ചുള്ള അറിവാണ്. അതിന്റെ തുടക്കം അറിവും മധ്യം അമലും പൂർണ്ണത സമർപ്പണവുമാണ്.
പൂർവ്വകാല പണ്ഡിതന്മാർ തസവ്വുഫിന് നൽകിയ വിശദീകരണങ്ങളാണ് മുകളിൽ ഉദ്ധരിച്ചത്. അതായത്, തസവ്വുഫിന്റെ അടിസ്ഥാനം ആത്മസംസ്കരണവും സ്വഭാവ വിശുദ്ധിയും ഒപ്പം സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധം സുദൃഢമാക്കലുമാണ് എന്ന് ചുരുക്കം.
തസവ്വുഫിന്റെ വികാസം :
ഇസ്ലാമിക ലോകത്ത് പിൽക്കാലത്ത് ഒരുപാട് വിജ്ഞാനീയങ്ങൾ രൂപപ്പെടുകയും ക്രോഡീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് ഇൽമു തഫ്സീർ, ഉലുമുൽ ഹദീസ്, ഉസുലുദ്ധീൻ. ഇത് പോലെ രൂപപ്പെട്ട മറ്റൊരു വിജ്ഞാന ശാഖയാണ് ഇൽമു തസവ്വുഫ്. തസവ്വുഫിന്റെ തുടക്കത്തെയും വികാസത്തെയും പറ്റി ഇബ്നു ഖൽദൂൻ തന്റെ മുഖദ്ദിമയിൽ കുറിച്ചിടുന്നത്, ആദ്യകാലങ്ങളിൽ സ്വഹാബാക്കളും താബിഉകളും ആത്മ സംസ്കരണത്തിന്റെ ശരിയായ പാതയിൽ തന്നെയായിരുന്നു സഞ്ചരിച്ചിരുന്നത് എന്നാണ്. എന്നാൽ പിന്നീട് ദീനിൽ ഒരുപാട് കുഴപ്പങ്ങൾ ഉണ്ടാവുകയും രാഷ്ട്രീയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്ത സന്ദർഭത്തിൽ ഇതിൽ നിന്നൊക്കെ മാറി നിന്ന് സ്രഷ്ടാവുമായി ബന്ധം ശക്തിപ്പെടുത്തിയ ആൾക്കാരെയാണ് ജനങ്ങൾ സൂഫികൾ എന്ന് വിളിക്കാൻ തുടങ്ങിയത്.
പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ച അൽഹാജി ഖലീഫ രചിച്ച കശ്ഫുദ്ദുനൂൻ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം കാണാം : പ്രവാചകൻ (സ) യുടെ കാലശേഷം ജനങ്ങളിലെ ശ്രേഷ്ഠർ സ്വഹാബാക്കളായിരുന്നു. പീന്നീട് ദീനിന്റെ പേരിൽ കുഴപ്പങ്ങൾ ഉണ്ടായപ്പോൾ ഒരു വിഭാഗം ദീനിനെ മുറുകെ പിടിച്ചു നിന്നു. അവരെ സുഹാദ് അഥവാ ഭൗതിക വിരക്തർ എന്ന് വിളിക്കപ്പെട്ടു. അതിനു ശേഷം ഒരുപാട് പുത്തനാശയങ്ങളും അന്ധവിശ്വാസങ്ങളും അതിൽ കടന്നു കൂടുകയും ഒരോ വിഭാഗങ്ങളും തങ്ങളാണ് യഥാർത്ഥ സുഹാദുകളെന്ന് വാദിക്കാൻ തുടങ്ങുകയും ചെയ്ത ഘട്ടത്തിൽ ശരിയായ രീതിയിൽ ദീനിനെ മുറുകെ പിടിച്ച് ജീവിച്ചവരെ അഹ്ലുസുന്നയുടെ വക്താക്കൾ സൂഫികൾ എന്ന് വിളിക്കാൻ തുടങ്ങി. ഇത് ഹിജ്റ രണ്ടാം നൂറ്റാണ്ടിന് മുമ്പായിരുന്നു. ഉപരിസൂചിത പണ്ഡിതന്മാരുടെ വാക്കുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് തസവ്വുഫ് എന്ന പദപ്രയോഗം ഹിജ്റ രണ്ടാം നൂറ്റാണ്ടിന് മുമ്പേ ആരംഭിക്കപ്പെട്ടിട്ടുണ്ട് എന്നാണ്.
ഖുർആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തിൽ തസവ്വുഫിന്റെ പ്രാധാന്യം :
മനുഷ്യനോടുള്ള ശറഇന്റെ നിയമങ്ങൾ രണ്ട് തരത്തിലാണുള്ളത്. എല്ലാ കൽപനകളും നിരോധനങ്ങളും ഈ രണ്ട് വിഭാഗത്തിന്റെ കീഴിലായി മാത്രമേ വരികയുള്ളൂ.
1- ശരീരവുമായി ബന്ധപ്പെട്ട നിയമങ്ങൾ:
നമസ്കാരം, ഹജ്ജ്, സക്കാത്ത് പോലുള്ള കാര്യങ്ങൾ കൊണ്ടുള്ള കൽപനകളും കൊലപാതകം, വ്യഭിചാരം പോലുള്ള കാര്യങ്ങളെ തൊട്ടുള്ള നിരോധനങ്ങളും അടങ്ങിയ നിയമങ്ങൾ.
2- മനസ്സുമായി ബന്ധപ്പെട്ട നിയമങ്ങൾ :
അല്ലാഹുവിലും മലക്കുകളിമുള്ള വിശ്വാസം പോലെയുള്ള കാര്യങ്ങളെ കൊണ്ടുള്ള കല്‍പനകളും, കപട വിശ്വാസം, അഹങ്കാരം പോലെയുള്ളവ കൊണ്ടുള്ള നിരോധനകളും അടങ്ങിയ നിയമങ്ങൾ.
ഇവയിൽ രണ്ടാമത്തെ വിഭാഗത്തിനാണ് പ്രാധാന്യം കൂടുതൽ. കാരണം മനസ്സ് ശുദ്ധിയായവന്റെ പ്രവൃത്തിയും ശുദ്ധിയായിരിക്കും, അതുപോലെ മ്ലേഛ പ്രവർത്തനങ്ങൾ ഉണ്ടാകുന്നത് ദുഷിച്ച മനസ്സുകളുടെ ഉടമകളിൽ നിന്നുമാണ്. അതു കൊണ്ട് തന്നെയാണ് സൂറത്തുൽ കഹ്ഫിന്റെ അവസാന ഭാഗത്ത്, അല്ലാഹുവിനെ കണ്ട് മുട്ടാൻ ആഗ്രഹിക്കുന്നവരെ പ്പറ്റി സൽപ്രവർത്തികൾ ചെയ്യാനും അതേസമയം മനസ്സിന്റെ പ്രവൃത്തിയായ ശിർക്കിൽ നിന്ന് വിട്ട് നിൽക്കാനും അല്ലാഹു പറയുന്നത്. അപ്രകാരം തന്നെ മനസ്സ് ശുദ്ധമാക്കുന്നതിന്റെ പ്രാധാന്യത്തെ സൂചിപ്പിച്ച് കൊണ്ട് നബി (സ) അരുളി: "ശരീരത്തിൽ ഒരു മാംസ കഷണമുണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി, അത് മോശമായാൽ ശരീരം മുഴുവനും മോശമായി, അറിയുക അത് ഹൃദയമാകുന്നു" ( ബുഖാരി )
ബാഹ്യമായ പ്രകടനങ്ങളേക്കാളും അല്ലാഹുവിന്റെ നോട്ടം മനുഷ്യന്റെ ഹൃദയത്തിലേക്കാണെന്നും തിരുമേനി (സ) പഠിപ്പിച്ചു. അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കോ രൂപത്തിലേക്കോ അല്ല നോക്കുന്നത് മറിച്ച് നിങ്ങളുടെ ഹൃദയത്തിലേക്കാണ് (മുസ്ലിം)
ചുരുക്കത്തിൽ തസവ്വുഫിന്റെ വേരുകൾ അന്വേഷിച്ച് ചെല്ലുന്നവൻ അവസാനം എത്തിച്ചേരുക ഖുർആനിലേക്കും സുന്നത്തിലേക്കും തന്നെയാണ്. പിൽക്കാലത്ത് അതിൽ ഒരുപാട് പിഴച്ച വിശ്വാസങ്ങളും ആരാധനാ മുറകളും കടന്നു വന്നിട്ടുണ്ടെങ്കിൽ അവയുടെ നെല്ലും പതിരും വേർതിരിച്ച് മനസ്സിലാക്കി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ പണ്ഡിതന്മാർ മുൻകൈ എടുക്കണം. കാരണം, പിൽക്കാലത്ത് യൂറോപ്പിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും താർത്താരികളിലും വരെ ഇസ്ലാമിന്റെ വ്യാപനത്തിന് തസവ്വുഫ് ഏറെ സഹായകരമായി വർധിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കാനാവില്ല. അത് പോലെ തന്നെ മുസ്ലിം കമ്മ്യൂണിറ്റിയിൽ പ്രത്യേകം ചിലയാളുകളിൽ മാത്രം പരിമിതമായ ഗുണമാണ് തസവ്വുഫ് എന്ന തെറ്റിദ്ധാരണ കൂടി സമൂഹത്തിലുണ്ട്. വാസ്തവത്തിൽ ഓരോ സത്യവിശ്വാസിയും സ്വായത്തമാക്കിയിരിക്കേണ്ട ഒന്നാണത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അല്ലാഹുവിന്റെ വലിയ്യായി ജീവിക്കുക എന്ന് സാരം.അല്ലാഹു പറയുന്നു: "അറിയുക, അല്ലാഹുവിന്റെ വലിയ്യുകൾ ആരെയും പെടിക്കേണ്ടതില്ല, ദുഖിക്കേണ്ടതുമില്ല. അവർ വിശ്വാസിച്ചവരും തഖ്‌വയുള്ളവരുമാകുന്നു."
ഹദീസു ജിബ്രീലിൽ പറയപ്പെട്ട ഇസ്ലാം അനുസരണയും ആരാധനയുമാണ്, ഈമാൻ വിശ്വാസവും പ്രകാശവുമാണ്, ഇഹ്സാൻ ആത്മവിചാരണയും ആത്മസംസ്കരണവുമാണ്. അത് തന്നെയാണ് തസവ്വുഫുവിന്റെ റൂഹും.
________________________
Written by
Hamdan Muhammed Chembirika

0 Comments