സാമൂഹ്യവൽക്കരണത്തിൻ്റെ പ്രധാന ഏജൻസികളിലൊന്നാണ് മാധ്യമങ്ങൾ. മനുഷ്യനെ സമൂഹത്തിനുതകുന്ന ജീവിയായി മാറ്റിയെടുക്കുന്ന ഒരു ദീർഘകാല പ്രവർത്തനമാണ് സാമൂഹ്യവൽക്കരണം.അതിനാൽ ജീവിതത്തിലുടനീളം മനുഷ്യൻ്റെ ചെയ്തികളിൽ അവക്ക് കൃത്യമായ ഇടമുണ്ടാകും. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം ഇത്തരം വൽക്കരണങ്ങളെ ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. സിനിമകളിലാണ് ഇവ ഏറെയും പരാമർശിക്കുന്നത്.ആസ്യാദനോപാധി എന്നതിനപ്പുറം മനുഷ്യൻ്റെ സംസ്കാരത്തെയും വൈവിധ്യങ്ങളെയും ആത്മീയ-ഭൗതിക ലോകങ്ങളെയും വിനിമയം ചെയ്യാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്.
ആത്മാവിൻ്റെ കഥ പറച്ചിലുകൾ,സുഖ ദു:ഖ സമ്മിശ്രമായ ജീവിതത്തിലെ വ്യതിരിക്തയനുഭവങ്ങൾ, അധസ്ഥിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ജീവിതങ്ങൾ എന്നിങ്ങനെ കേവലാസ്വാദനത്തിനപ്പുറം കാര്യ ഗൗരവമായ നിരവധി ഇടപെടലുകൾ ഈ മേഖലയിൽ നടക്കുന്നുണ്ട്. കഥ പറച്ചിലിനൊപ്പം വിഷ്യലൈസ് കൂടിയാകുമ്പോൾ വിനിമയം ചെയ്യപ്പെടുന്ന മെസേജ് കൃത്യമായും റെസീവെറിലെത്തുന്നു.ഈയൊരു നേട്ടമാണ് സിനിമയെ കൂടുതൽ സ്വീകാര്യമാക്കുന്നത്.ഈ മീഡിയം നന്മകൾ പ്രേക്ഷണം ചെയ്യപ്പെടാൻ ഉപയോഗിക്കുമ്പോൾ അതിൻ്റെ ഫലം കൂടുതൽ കാര്യക്ഷമമാകുന്നു.
മജീദ് മജീദിയും അസ്ഗർ ഫർഹാദിയും അബ്ബാസ് കിരോസ്ട്ടമിയുമെല്ലാം സംവിധാനം ചെയ്യുന്ന ചിത്രങ്ങൾക്ക് ലൗകികമായ ആശയങ്ങളോടൊപ്പം ആത്മീയമായ തലങ്ങളും കാണാനാകും.അസ്ഗർ ഫർഹാദി സംവിധാനം ചെയ്ത A Separation എന്ന ചിത്രം ഇത്തരമൊരു സമീപനത്തിലൂടെ മനസ്സിലാക്കേണ്ട ഒന്നാണ്. ആത്മത്തിൻ്റെ വ്യത്യസ്ത ഭാവ രൂപങ്ങൾ നദീം, സമീൻ എന്ന രണ്ട് കഥാപാത്രങ്ങളിലൂടെ സ്ക്രീനിൽ എത്തിച്ചിരിക്കുകയാണ്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ ലഭിച്ച ഈ ചിത്രം ഒരു ഇറാനിയൻ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളും അതിൻ്റെ പരിണിത ഫലങ്ങളുമാണ് ചർച്ച ചെയ്യുന്നതെങ്കിലും കളവ് പറയുന്നതിൻ്റെ മതപരമായ കർമശാസ്ത്ര വീക്ഷണങ്ങൾ കഥാപാത്രങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നുണ്ടെന്നും പറഞ്ഞു വെക്കുന്നുണ്ട്.
1960 കളിലെ തുർക്കിയിലെ ഒരു പ്രാന്തപ്രദേശത്തെ മനുഷ്യ ജീവിതത്തെയും അവരിലെ സാംസ്കാരിക, രാഷ്ട്രീയ ഘടകങ്ങളെയും സുന്ദരമായി വിഷ്യലൈസ് ചെയ്യുന്ന സിനിമയാണ് The Miracle of love (Mucize) എന്നത്.മഹ്സൂൻ കിർമി സിഗൽ സംവിധാനം ചെയ്ത ചിത്രം രണ്ട് ഭാഗങ്ങളിലായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. തുർക്കിയിലെ ഒരു കുഗ്രാമത്തിൽ എത്തിച്ചേരുന്ന മാഹിർ എന്ന അദ്ധ്യാപകൻ്റെയും അയാളിലൂടെ അറിവിൻ്റെ പുതിയ ലോകത്തേക്ക് കടന്ന് വരുന്ന ആ ദേശക്കാരെയും അവിടുത്തെ വിവാഹ രീതികളും അസീസ് എന്ന ചെറുപ്പക്കാരൻ്റെ ശാരീരിക-മാനസിക അവശതകളുമാണ് ചിത്രം പ്രതിനിധാനം ചെയ്യുന്നത്.
ശാരീരിക-മാനസിക വൈകല്യമുള്ള അസീസിനെ സ്നേഹം നൽകി ഒരുത്തമ മനുഷ്യനാക്കി മാറ്റുന്നതാണ് ചിത്രത്തിൻ്റെ ആകെത്തുക. സോഷ്യലൈസേഷൻ്റെ കൃത്യമായ രൂപരേഖയും സ്നേഹം മനഷ്യനിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിൻ്റെ ഉദാത്ത മാതൃകയുമാണ് മുജിസെ.അസീസിൻ്റെ ഭാര്യ മിസ്ഗിൻ്റെയും മാഹിറിൻ്റെയും പരിചരണത്തിലൂടെ പുതിയ ലോകത്തെത്തുന്ന അസീസ് ഒരത്ഭുതമായി പ്രേക്ഷകർക്ക് തോന്നുമെന്നതിൽ സംശയമില്ല. The pursuit of happyness എന്ന അമേരിക്കൻ ചിത്രം സന്തോഷത്തിൻ്റെ രസതന്ത്രത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. യഥാർത്ഥത്തിൽ മനുഷ്യന് ആനന്ദം നൽകുന്നതെന്താണ്? മനുഷ്യൻ്റെ ആർത്തിയും കിടമത്സരങ്ങളും സ്വത്വത്തെ എങ്ങനെയൊക്കെ സാധിക്കുന്നു? തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ചിത്രം നൽകുന്നുണ്ട്. വിൽസ്മിത്തിൻ്റെ അഭിനയ മികവാണ് ചിത്രത്തിലെ പ്രധാന ആകർഷണം. പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളുമായി ജീവിക്കുന്ന ഒരു സാധാരണക്കാരൻ്റെ ജീവിതം പറയുന്ന ചിത്രത്തിൽ അവസാനമയാൾ സന്തോഷം കണ്ടെത്തുന്നുണ്ട്. ആനന്ദത്തിൻ്റെ പാരമ്യതയിൽ നിൽക്കുന്ന അയാൾക്ക് അത് പറഞ്ഞ് ആശ്വാസം കൊള്ളാൻ കൂടെ ആളില്ലാതാകുന്നതും നമുക്ക് കാണാം. സെൽഫ് സാറ്റിസ്ഫാക്ഷൻ എന്നത് എത്രത്തോളം മനോഹരവും ആനന്ദകരവുമാണെന്നത് മനസ്സിലാകും. പ്രാരാബ്ധങ്ങളുടെ മലവെള്ളപ്പാച്ചിലിൽ അവസാനം അയാൾക്ക് ലഭിക്കുന്ന സന്തോഷം ഇല്ലാതായിപ്പോകുമ്പോഴാണ് ആളുകൾ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതെന്ന യാഥാർത്ഥ്യവും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.
അബ്ബാസ് കിരോസ്ട്ടിമിയുടെ 'Taste of cherry' എന്ന ചിത്രം ആത്മത്തെക്കുറിച്ചുള്ള ആലോചനകളിലേക്ക് നമ്മെ കൊണ്ടു പോകുന്ന ഒന്നാണ്. ആത്മഹത്യ ചെയ്യാൻ പുറപ്പെടുന്ന ഒരാൾ അതിന് തന്നെ സഹായിക്കാനുള്ള സഹായിയെ തേടിയുള്ള യാത്രയും അതിനിടയിലെ സംഭവ വികാസങ്ങളുമാണ് ഫിലിം പറയുന്നത്. എന്ത് കൊണ്ട് ആത്മഹത്യ എന്ന ചോദ്യത്തിന് സന്തോഷമില്ലാതെ ജീവിക്കുക എന്നത് ആത്മഹത്യയുടെ പാപത്തെക്കാൾ ഭയാനകമാണെന്നാണ് കഥാനായകൻ മറുപടി പറയുന്നത് .സന്തോഷമില്ലാതാകുമ്പോൾ നാം നമുക്ക് ചുറ്റുമുള്ളവരെക്കൂടി വിഷമിപ്പിക്കുന്നുവെന്ന് അയാൾ മനസ്സിലാക്കുന്നു. ആത്മഹത്യ ചെയ്യാൻ ആരും അയാളെ സഹായിക്കാനില്ലാതെ വരുമ്പോഴാണ് ഒരു വയസ്സൻ സ്വമേധയാ ആ ദൗത്യം ഏറ്റെടുക്കുന്നത്.പക്ഷെ സന്തോഷത്തിൻ്റെ യഥാർത്ഥ ഉറവിടം ദൈവത്തിൽ നിന്നുമാണെന്നും ഈ പ്രപഞ്ചത്തിലെ ഓരോ കണികക്കും നിങ്ങളുടെ ആത്മഹത്യാ പ്രവണതയെ മാറ്റിയെടുക്കാനുളള കഴിവ് സൃഷ്ടാവ് നൽകിയിട്ടുണ്ടെന്നും പറഞ്ഞ് അയാളെ മനം മാറ്റുകയാണ് വൃദ്ധനായ മനുഷ്യൻ ചെയ്യുന്നത്. അള്ളാഹുവിൻ്റെ കാരുണ്യത്തിൽ നിങ്ങൾ പ്രതീക്ഷ കൈവിടരുതെന്ന ഖുർആൻ വാക്യത്തെ ഓർമപ്പെടുത്തിയാണ് ചിത്രമവസാനിക്കുന്നത്. ഇത്തരം സിനിമകളെല്ലാം വൈവിധ്യങ്ങളിലേക്കുള്ള യാത്രകൾക്കപ്പുറം ആത്മത്തിലേക്കുള്ള യാത്ര കൂടിയാണ്. ഓരോ സീനുകളിലും സ്വന്തത്തെ കണ്ടെത്താൻ നമുക്ക് കഴിയും.ജീവിതത്തിൻ്റെ ലക്ഷ്യമന്വേഷിച്ച് നടക്കുന്ന പഥികൻ്റെ വഴിയാത്രയിൽ നാമും കണ്ണി ചേരും.
__________________________________
Written by Shafeeq Muhammed


0 Comments